തുരങ്കനിർമാണ യന്ത്രങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണവുമായി ചൈന; നീക്കം ഇന്ത്യയുടെ വികസനപ്രവർത്തനങ്ങൾക്ക് തടയിടാൻ

ന്യൂഡൽഹി: ഇന്ത്യയിലെ മെട്രോ റയിൽ, ഹൈവേ നിർമ്മാണം, അതിർത്തി നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൻകിട അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ആവശ്യമായ തുരങ്ക നിർമ്മാണ യന്ത്രം (ടണൽ ബോറിങ് മെഷീൻ) കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന. ദേശീയ സുരക്ഷയും താല്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
ചൈന പുറപ്പെടുവിച്ച പുതിയ ഉത്തരവുപ്രകാരം തുരങ്ക നിർമ്മാണ യന്ത്രങ്ങൾക്കു പുറമേ, വാക്കിങ് എക്സ്കവേറ്ററുകൾ, പ്ലേറ്റോ-ടൈപ്പ് വെറ്റ് ഷോട്ട്ക്രീറ്റ് മെഷീനുകൾ എന്നിവയുടെ കയറ്റുമതിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 18 മുതലാണ് പുതിയ ഉത്തരവ് നിലവിൽവരിക. യന്ത്ര സാങ്കേതികവിദ്യകൾ തെറ്റായ രീതിയിൽ ദുരുപയോഗം ചെയ്യുന്നത് തടയാനും ദേശീയ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടിയെന്നാണ് ചൈനയുടെ വാദം.
നേരത്തെയും ചൈന ഇത്തരത്തിൽ ടണൽ ബോറിങ് മെഷീനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചൈനയിൽ ഇത്തരം യന്ത്രങ്ങൾ നിർമ്മിക്കുന്ന ജർമൻ കമ്പനിക്ക് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ചൈന അനുമതി നൽകാത്തത് നേരത്തെ വിവാദമായിരുന്നു. ഇക്കാര്യം 2024-ൽ ജർമൻ വൈസ് ചാൻസലർ റോബർട്ട് ഹാബെക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഇന്ത്യയിലെ പല വൻകിട പദ്ധതികളുടെ വേഗതയെയും ചൈനയുടെ ഈ തീരുമാനം ബാധിച്ചേക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് ബുള്ളറ്റ് റയിൽ പദ്ധതിയിലെ കടലിനടിയിലൂടെയുള്ള ഏഴ് കിലോമീറ്റർ തുരങ്ക നിർമ്മാണം, വിവിധ നഗരങ്ങളിലെ ഭൂഗർഭ മെട്രോ പദ്ധതികൾ, തന്ത്രപ്രധാന അതിർത്തി മേഖലകളിലെ റോഡ്-ടണൽ നിർമ്മാണങ്ങൾ എന്നിവയ്ക്കും ഇത് തിരിച്ചടിയായേക്കാം.
ഇന്ത്യയുടെ ബദൽ വഴികൾ
ചൈനയിൽനിന്നുള്ള യന്ത്ര ഇറക്കുമതി കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ കുറച്ചുവരികയായിരുന്നു. നിലവിൽ മറ്റ് വിദേശ രാജ്യങ്ങളെയും തദ്ദേശീയ നിർമ്മാണത്തെയുമാണ് ഇന്ത്യ കൂടുതൽ ആശ്രയിക്കുന്നത്. ജർമ്മൻ കമ്പനികൾ ഉൾപ്പെടെ നിർമാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തദ്ദേശ നിർമിത യന്ത്രങ്ങളെ ആശ്രയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
Content Highlights: China restricts export of tunnel boring machines, walking excavators, and wet shotcrete machines citing national security., The restrictions directly impact India's major infrastructure projects, including metro rails, highways, and strategic border tunnels., Key German TBM manufacturers like Herrenknecht operate plants in China, complicating imports to India., India is exploring alternative foreign sources and pushing for domestic manufacturing and shifting production units to India.