‘ആ സംഭവം മറക്കില്ല’; കേരളതീരത്തുവെച്ച് ചൈനീസ് നാവികരെ രക്ഷിച്ച ഇന്ത്യക്ക് നന്ദിപറഞ്ഞ് ചൈനീസ് അറ്റാഷെ

ന്യൂഡൽഹി: രാജ്യത്തെ സൈനികർക്ക് നന്ദിപറഞ്ഞ് ഇന്ത്യയിലെ പുതിയ ചൈനീസ് പ്രതിരോധ അറ്റാഷെ യൂ ജിയാൻ. കഴിഞ്ഞവർഷം കേരള തീരത്തിനു സമീപം തീപിടിച്ച ചരക്കുകപ്പലിൽനിന്ന് 12 ചൈനീസ് നാവികരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയതിനാണ് നന്ദിയറിയിച്ചത്. ആ സംഭവം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ സൈന്യങ്ങൾ തമ്മിൽ കൂടുതൽ ആശയവിനിമയവും സഹകരണവും വേണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. ഇരുരാജ്യങ്ങളുടേയും നേതൃത്വത്തിന്റെ തന്ത്രപരമായ മാർഗനിർദേശപ്രകാരം ഇന്ത്യ-ചൈന ബന്ധം ശരിയായ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ സമാധാനദൗത്യങ്ങളിൽ ഇരുരാജ്യങ്ങളുടേയും സൈന്യങ്ങൾ വഹിക്കുന്ന പങ്കിനേയും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയും ചൈനയും ഭിന്നതകൾ മറന്ന് പൊതുവായ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകണം. നയതന്ത്ര-സൈനികബന്ധങ്ങളിലൂടെ ആശയവിനിമയം നിലനിർത്തിയും പരസ്പരവിശ്വാസത്തിലൂടെ സഹകരണം വർധിപ്പിച്ചും ഇന്ത്യയുമായുള്ള സൈനികബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ചൈനയുടെ സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു.