ചൈനയുടെ 'ജലബോംബ്'; അരുണാചല്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന അണക്കെട്ടില്‍ ഇന്ത്യയ്ക്ക് ആശങ്ക

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപം ചൈന നിര്‍മിക്കുന്ന മെഗാ അണക്കെട്ട് ഇന്ത്യക്ക് നേരെയുള്ള 'ജല ബോംബ്' ആയിരിക്കുമെന്നും അത് നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പെമ ഖാണ്ഡു. സൈനിക ഭീഷണിയേക്കാള്‍ വലിയ പ്രശ്‌നമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാര്‍ലുങ് സാങ്പോ നദിയില്‍ (ബ്രഹ്‌മപുത്ര നദിയുടെ ടിബറ്റന്‍ പേര്) ചൈന നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതി ഗുരുതരമായ ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പെമ ഖാണ്ഡു പറഞ്ഞു. അന്താരാഷ്ട്ര ജല ഉടമ്പടിയില്‍ ചൈന ഒപ്പുവെച്ചിരുന്നെങ്കില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുമായിരുന്നു. ചൈനയെ വിശ്വസിക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്‌നം. അവര്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും അറിയില്ല, ഖാണ്ഡു പറഞ്ഞു.
'ചൈനയില്‍ നിന്നുള്ള സൈനിക ഭീഷണി മാറ്റിനിര്‍ത്തിയാല്‍, ഇത് മറ്റെന്തിനേക്കാളും വലിയ പ്രശ്‌നമാണെന്ന് എനിക്ക് തോന്നുന്നു. ഇത് നമ്മുടെ ഗോത്രങ്ങള്‍ക്കും ഉപജീവനമാര്‍ഗ്ഗത്തിനും നിലനില്‍പ്പിനുതന്നെയും ഭീഷണിയാകാന്‍ പോകുന്നു. ഇത് വളരെ ഗുരുതരമാണ്, കാരണം ചൈനയ്ക്ക് ഇത് ഒരുതരം 'ജല ബോംബ്' ആയി പോലും ഉപയോഗിക്കാം', ഖാണ്ഡുവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര ജല ഉടമ്പടിയില്‍ ചൈന ഒപ്പുവച്ചിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ലെന്നും പദ്ധതി ഇന്ത്യയ്ക്ക് ഒരു അനുഗ്രഹമാകുമായിരുന്നുവെന്നും ഖാണ്ഡു പറഞ്ഞു. കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍, ജലജീവികള്‍ക്കും സമുദ്രജീവികള്‍ക്കും വേണ്ടി നദീതടത്തിനായി ഒരു നിശ്ചിത അളവില്‍ വെള്ളം താഴേക്ക് വിടേണ്ടതില്ല. ബ്രഹ്‌മപുത്ര ഒഴുകുന്ന അരുണാചല്‍ പ്രദേശ്, അസം, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വേനല്‍ക്കാല വെള്ളപ്പൊക്കം ഇത് തടയുമായിരുന്നു.
അണക്കെട്ട് നിര്‍മിച്ച് അവര്‍ പെട്ടെന്ന് വെള്ളം തുറന്നുവിടുകയാണെങ്കില്‍ നമ്മുടെ സിയാങ് ബെല്‍റ്റ് മുഴുവന്‍ നശിപ്പിക്കപ്പെടും. പ്രത്യേകിച്ച്, ആദി ഗോത്രവും സമാന ഗ്രൂപ്പുകളും അവരുടെ എല്ലാ സ്വത്തുക്കളും ഭൂമിയും പ്രത്യേകിച്ച്, മനുഷ്യജീവിതവും വിനാശകരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും, അദ്ദേഹം പറഞ്ഞു.
2021-ല്‍ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് അതിര്‍ത്തി പ്രദേശം സന്ദര്‍ശിച്ചതിന് ശേഷമാണ് യാര്‍ലുങ് സാങ്പോ അണക്കെട്ട് പദ്ധതി പ്രഖ്യാപിച്ചത്. ഇത് 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. പരിസ്ഥിതി ലോലമായ ഹിമാലയന്‍ പ്രദേശത്താണ് ഈ പദ്ധതി. ഭൂകമ്പസാധ്യതയുള്ള സ്ഥലത്താണ് ചൈനയുടെ അണക്കെട്ട് പദ്ധതിയെന്നതും ആശങ്കയുളവാക്കുന്നുണ്ട്.
Content Highlights: Arunachal Pradesh CM expresses concern over China`s mega dam on Yarlung Tsangpo