എസ്ഐആർ നടത്താൻ മുന്നിട്ടിറങ്ങിയ ഗ്യാനേഷ് കുമാർ കുരുക്കിൽ; രണ്ടു കമ്മിഷണർമാരും വെട്ടിൽ

ന്യൂഡൽഹി: ഫോം ആറിലെ മാറ്റം പരിശോധിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ എസ്.ഐ.ആർ. നടത്താൻ മുന്നിട്ടിറങ്ങിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കൂടുതൽ കുരുക്കിലായി. ജെൻ സീ വോട്ടർമാരെ കൂട്ടത്തോടെ തഴയാൻ ബി.ജെ.പി. സർക്കാർ ഗ്യാനേഷിനെ കരുവാക്കിയതാണെന്ന രാഷ്ട്രീയാരോപണം പ്രതിപക്ഷം ശക്തമാക്കുന്നത് ഭരണകക്ഷിയുടെ തലവേദന കൂട്ടും.
രണ്ടു കമ്മിഷണർമാരുടെ വിയോജിപ്പുകൾ വെളിപ്പെട്ടതിനുപിന്നാലെ, സെപ്റ്റംബർ 26-ന് പൂർണ കമ്മിഷൻ യോഗം ചേർന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഫോം ആറിൽ വരുത്തിയ മാറ്റത്തെ സുപ്രീംകോടതിയെ കൂട്ടുപിടിച്ച് ന്യായീകരിച്ചതാണിപ്പോൾ തിരിച്ചടിയാകുന്നത്. ഫോം ആറിൽ എസ്.ഐ.ആറിനായി ചേർത്ത സത്യവാങ്മൂലം സുപ്രീംകോടതി ശരിവെച്ചെന്നായിരുന്നു കമ്മിഷന്റെ വിശദീകരണം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണർമാരും ഒരുമിച്ചുള്ള ചിത്രം സഹിതം പുറത്തുവിട്ട പത്രക്കുറിപ്പ് സമ്പൂർണയോഗത്തിന്റെ ഏകകണ്ഠമായ തീരുമാനമാണെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ, നേരത്തേ ഫോം ആറിലെ മാറ്റത്തെ തള്ളിപ്പറഞ്ഞ കമ്മിഷണർമാരായ സുഖ്ബീർസിങ് സന്ധുവും വിവേക് ജോഷിയും ഉത്തരം പറയേണ്ട സ്ഥിതിയിലായി. പത്രക്കുറിപ്പിലെ ഈ വിശദീകരണം സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയയതോടെ, തിരഞ്ഞെടുപ്പ് കമ്മിഷൻ കള്ളം പറഞ്ഞുവെന്നാണിപ്പോൾ പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ.
എസ്.ഐ.ആർ. ശരിവെച്ചുകൊണ്ട് മേയ് 27-ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ ഭാഗം ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ വിമർശനങ്ങളെ പ്രതിരോധിച്ചത്. പുതിയ വോട്ടർമാർ എസ്.ഐ.ആറിനായി അനുബന്ധം ‘ഡി’യിൽ ചേർത്ത സത്യവാങ്മൂലം സഹിതം ഫോം ആറ് പൂരിപ്പിച്ചുനൽകണമെന്നാണ് വിധിയിൽ കോടതി വ്യക്തമാക്കിയത്. കമ്മിഷൻ ഉൾപ്പെടുത്തിയ അധികസത്യവാങ്മൂലത്തിനുള്ള സാധൂകരണമാണിതെന്നായിരുന്നു കമ്മിഷന്റെ വാദം.
ഫോം ആറ് ഓൺലൈനായി സമർപ്പിക്കുന്നത് തീർത്തും അസാധ്യമാക്കിയത് ജൂലായിൽ വീണ്ടും വരുത്തിയ കൂട്ടിച്ചേർക്കലാണെന്ന വിമർശനത്തിന് കമ്മിഷൻ മറുപടി പറഞ്ഞിട്ടില്ല. ബിഹാറിലെ ഒന്നാംഘട്ട എസ്.ഐ.ആർ. തൊട്ട്, എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കമ്മിഷൻ എടുത്ത തീരുമാനങ്ങളെല്ലാം ഒറ്റക്കെട്ടായി കൈക്കൊണ്ടതാണെന്ന് ആവർത്തിക്കുകയാണ് കമ്മിഷൻ.
ഗ്യാനേഷിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് ഫോം ആറിന്റെ കാര്യത്തിൽ സുപ്രീംകോടതിയുടെ വിശദീകരണം എന്നതിനാൽ തുടർനീക്കം ആകാംക്ഷയുണർത്തുന്നു.
Content Highlights: Chief Election Commissioner Gyanesh Kumar and the Election Commission face severe backlash after the Supreme Court clarified that it did not review changes made to Form 6 regarding the SIR process.