അമിത് ഷാ പറഞ്ഞത് വെറുതെയല്ല; ഗ്രാമമുഖ്യനില്‍നിന്ന് മുഖ്യമന്ത്രി പദത്തിലേക്കുയര്‍ന്ന ദേവ്‌സായി

റായ്പുര്‍: മുഖ്യമന്ത്രിപദം സംബന്ധിച്ച ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമിട്ടുകൊണ്ടാണ് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വിഷ്ണു ദേവ്‌സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകുന്നത്. അധികാരം കിട്ടിയാല്‍ സായിയെ ''വലിയ മനുഷ്യ''നാക്കുമെന്ന് ഛത്തീസ്ഗിലെ നിയമസഭ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ആരാണ് വിഷ്ണു ദേവ്‌സായി, എന്നുനോക്കാം.
അജിത്ത് ജോഗിക്ക് ശേഷം ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നും ചത്തീഗഢ് മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് 59-കാരനായ സായി. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ വിശ്വസ്തനായിരുന്നു. ചത്തീസ്ഗഢിലെ ഏറ്റവും മുതിര്‍ന്ന ഗോത്രവര്‍ഗ നേതാവും സംസ്ഥാന പാര്‍ട്ടി ഘടകത്തിലെ സ്വീകാര്യനായ നേതാക്കളില്‍ പ്രധാനിയുമാണ് ദേവ്‌സായി. 2020 മുതല്‍ 22വരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു.
1964 ഫെബ്രുവരി 21ന് ജഷ്പൂര്‍ ജില്ലയിലെ ഗോത്രഗ്രാമമായ ഭഗിയയില്‍, വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കര്‍ഷകകുടുംബത്തിലായിരുന്നു ദേവ്‌സായിയുടെ ജനനം. കുങ്കുരിയിലെ തന്നെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ബിരുദപഠനത്തിനായി അംബികാപുരിയിലേക്ക് പോയെങ്കെങ്കിലും 1988-ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെപോന്നു. തുടര്‍ന്ന് രാഷ്ട്രീയ രംഗത്തേക്കിറങ്ങിയ സായി, 1989-ല്‍ ഭഗിയയിലെ ഗ്രാമമുഖ്യനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന് മുമ്പ് 1990 മുതല്‍ 1998വരെ അവിഭക്ത മധ്യപ്രദേശില്‍ നിയമസംഭാംഗമായിരുന്നു. 1999, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയില്‍ സ്റ്റീല്‍ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. എന്നാല്‍, 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദേവ്‌സായിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ ദേവ്‌സായി ഉള്‍പ്പെടെ മുഴുവന്‍ സിറ്റിങ് എം.പിമാരേയുംമാറ്റി പുതുമുഖങ്ങള്‍ക്ക് പാര്‍ട്ടി അവസരം നല്‍കുകയായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഛത്തീസ്ഗഢിലെ കുങ്കുരി മണ്ഡലത്തില്‍നിന്നായിരുന്നു ദേവ്‌സായിയുടെ വിജയം. കോണ്‍ഗ്രസിലെ സിറ്റിങ്് എം.എല്‍.എയായ യു.ഡി. മിഞ്ചിനെ 25541 വോട്ടുകള്‍ക്കാണ് സായി തോല്‍പ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബി.ജെ.പി ഇത്തവണ ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളില്‍ 54ഉം നേടി ബി.ജെ.പി വന്‍ വിജയമാണ് സംസ്ഥാനത്ത് നേടിയത്.
2018-ല്‍ 68 സീറ്റ് നേടിയ കോണ്‍ഗ്രസിന് 35-ല്‍ ഒതുങ്ങേണ്ടിവന്നു. ജനസംഖ്യയുടെ 32 ശതമാനവും ഗോത്രവര്‍ക്കാരുള്ള ഛത്തീസ്ഗഢില്‍, 29 ഗോത്ര സംവരണ സീറ്റില്‍ 17ലും ബി.ജെ.പി വിജയിച്ചിരുന്നു. ഗോത്രവിഭാഗക്കാരുടെ ശക്തികേന്ദ്രമായ സര്‍ഗുജ ഡിവിഷനില്‍ 2018-ല്‍ കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇവിടത്തെ മുഴുവന്‍ സീറ്റും ബി.ജെ.പി തൂത്തുവാരി.
Content Highlights: Chhattisgarh CM Vishnu Deo Sai