'ആ ദുരന്തം ഐ ഫോണിന്റെ പേരിലല്ല, പ്രചരിപ്പിക്കുന്നവർക്ക് സത്യം അറിയില്ല';ബന്ധുവിന്റെ വെളിപ്പെടുത്തൽ

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കുന്നിൻമുകളിൽനിന്ന് ആത്മഹത്യാഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കാൻ അച്ഛൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും കൊക്കയിൽവീണ് മരിക്കുകയും കണ്ടുനിന്ന അമ്മ പിന്നാലെ ചാടി ജീവനൊടുക്കുകയും ചെയ്ത സംഭവം രാജ്യത്തെ ഞെട്ടലിലാക്കിയിരുന്നു. സൽതാ ഫാറ്റ പ്രദേശത്തെ താമസക്കാരായ മുരളിധർ ചന്ദ്ഗുഡെ (48), ഭാര്യ സംഗീത, മകൻ കുനാൽ എന്നിവരാണ് മരിച്ചത്.
ഐ ഫോണിന്റെ ഇഎംഐ അടക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇത്തരമൊരു ദുരന്തത്തിൽ കലാശിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ വാദങ്ങൾ തള്ളുകയാണ് സംഗീതയുടെ സഹോദരി പല്ലവി പാട്ടീൽ. ഐ ഫോൺ ആണ് ഇതിന് പിന്നിലെ കാരണമെന്നത് അപവാദം മാത്രമാണെന്നും ഇത്തരം പ്രചാരണം നടത്തുന്നവർക്ക് ഇതിന്റെ യഥാർത്ഥ കാരണമറിയില്ലെന്നും പല്ലവി വെളിപ്പെടുത്തി.
തന്റെ സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും മകന്റെയും സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് കുടുംബം കടന്നുപോകുന്ന അവസ്ഥ വ്യക്തമാക്കി പല്ലവി പാട്ടീൽ വീഡിയോ സന്ദേശം ഇറക്കിയിരിക്കുന്നത്.
'മൂന്നുപേരെയും നഷ്ടപ്പെട്ടതിന് ശേഷം ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ ഞങ്ങൾക്ക് മാത്രമേ അറിയൂ' പല്ലവി പറഞ്ഞു. ഐഫോൺ ഇഎംഐ ആണ് ഇവരെ മരണത്തിലേക്ക് തള്ളിവിട്ടത് എന്ന അവകാശവാദത്തെ തള്ളിയ പല്ലവി 'വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും അഭ്യർത്ഥിച്ചു.
'നിങ്ങൾ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്ക് വലിയ വേദനയാണ് ഉണ്ടാക്കുന്നത്. എന്റെ സോഷ്യൽ മീഡിയ ഫീഡ് കുടുംബത്തിന്റെ മരണത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്ന വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ വീഡിയോകളിലൂടെ നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു, പക്ഷേ നിങ്ങൾക്ക് യാതൊരു വിവരവുമില്ല. നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഒന്നുമറിയില്ല, ഇതിന്റെയെല്ലാം പിന്നിലുള്ള സത്യമെന്താണെന്ന് നിങ്ങൾക്കറിയില്ല. എന്നിട്ടും നിങ്ങൾ വ്യാജ പ്രചാരണം തുടരുകയാണ്. ഈ വീഡിയോകൾ എന്റെ മാതാപിതാക്കൾക്ക് എത്രത്തോളം വേദനയാണ് നൽകുന്നതെന്ന് നിങ്ങൾക്ക് ബോധമുണ്ടോ?' പല്ലവി ചോദിച്ചു.
ഐ ഫോൺ ആണ് മരണത്തിന് കാരണമെന്ന് തുടക്കത്തിൽ പ്രചാരണം ഉണ്ടായിരുന്നെങ്കിലും കുടുംബ പ്രശ്‌നമാണ് ദുരത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഇപ്പോൾ നൽകുന്ന വിവരം.
മുരളീധർ ഒരു ട്രക്ക് ഡ്രൈവറും സംഗീത വീട്ടമ്മയുമായിരുന്നു. ആറ് വർഷം മുമ്പ് അസുഖം ബാധിച്ച് ഇവരുടെ മൂത്ത മകൻ മരിച്ചിരുന്നു. മകന്റെ മരണത്തെത്തുടർന്നുണ്ടായ കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയെന്നാണ് വിവരം.
ജോലിയിൽ മുഴുകിയിരുന്ന മുരളീധർ മാസങ്ങളോളം വീട്ടിലെത്താറില്ലായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പുറത്തായിരുന്ന മുരളീധർ സംഭവത്തിന് രണ്ട് ദിവസം മുമ്പ് വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇത് വഴക്കുകൾക്ക് കാരണമായി. മരണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാകുന്നതിനിടെ, ദമ്പതികൾ തമ്മിലുള്ള മോശം ബന്ധം വെളിപ്പെടുത്തുന്ന സംഗീതയുടെ ഒരു വീഡിയോയും പോലീസിന് ലഭിച്ചിട്ടുണ്ട്.
'സ്വത്തിനുവേണ്ടി എനിക്കും എന്റെ മകനും അർഹമായത് നിങ്ങൾ നിഷേധിച്ചു. സഹോദരങ്ങളെ ഒന്നിപ്പിക്കാനോ മാതാപിതാക്കളെയും മക്കളെയും ഒരുമിച്ച് താമസിപ്പിക്കാനോ നിങ്ങൾ അനുവദിച്ചില്ല. സന്തോഷകരവും സന്തുഷ്ടവുമായിരുന്ന എന്റെ കുടുംബത്തെ നിങ്ങൾ തകർത്തു' ഒരു വീഡിയോയിൽ സംഗീത പറയുന്നത് കേൾക്കാം.
29,000ത്തിലധികം സബ്സ്‌ക്രൈബർമാരുള്ള സജീവയായ ഒരു യൂട്യൂബർ ആയിരുന്നു സംഗീത, മകനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകൾ അവർ പതിവായി പോസ്റ്റ് ചെയ്തിരുന്നു. ഈ ദാരുണ സംഭവത്തിന് തലേദിവസം, ബന്ധങ്ങളെക്കുറിച്ചും അവയുടെ മൂല്യങ്ങളെക്കുറിച്ചും സംഗീത ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
'നിങ്ങളെ വിലമതിക്കുന്ന, നിങ്ങളുടെ സ്‌നേഹത്തെ വിലമതിക്കുന്ന ആ വ്യക്തിക്ക് നിങ്ങളുടെ വിധി നൽകാൻ തയ്യാറാകൂ. ഒരാൾ നിങ്ങളെ വിലമതിക്കുന്നില്ലെങ്കിലോ, നിങ്ങളുടെ സ്‌നേഹത്തെ വിലമതിക്കുന്നില്ലെങ്കിലോ, അല്ലെങ്കിൽ നിങ്ങൾ അവർക്കായി ചെയ്യുന്നതിനെ വിലമതിക്കുന്നില്ലെങ്കിലോ, അത്തരത്തിലുള്ള ഒരാൾക്കായി ഒന്നും ചെയ്യേണ്ട ആവശ്യമില്ല' ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സംഗീത മറാഠിയിൽ പറഞ്ഞു.
Content Highlights: Aunt Pallavi Patil strongly denies rumors that an iPhone EMI dispute caused the family tragedy., Three members of a family died in Chhatrapati Sambhajinagar after a suicide threat and fall, followed by the mother jumping., Police investigation points towards family dispute and marital discord rather than the iPhone rumor., Deceased Sangeeta was an active YouTuber who posted a video about relationships a day before the incident.