കളക്ടർക്ക് ടിവികെ എം.എൽ.എ.യുടെ അശ്ലീലസന്ദേശം: ഡി.ജി.പി.ക്ക് ദേശീയ വനിതാ കമ്മിഷന്റെ നോട്ടീസ്

ചെന്നൈ: കള്ളക്കുറിച്ചി ജില്ലാ കളക്ടർ ജെ.ഇ. പത്മജയ്ക്ക് കള്ളക്കുറിച്ചി എം.എൽ.എ. സി. അരുൾ വിഘ്നേഷ് അശ്ലീല വാട്സാപ്പ് സന്ദേശമയച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്നാട് ഡി.ജി.പി. മഹേഷ് അഗർവാളിനോട് ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
രാഷ്ട്രീയസ്വാധീനങ്ങൾക്ക് ഒരുകാരണവശാലും വഴങ്ങാതെ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ കിഷോർ രഹത്കർ ഡി.ജി.പി.ക്ക് അയച്ച കത്തിൽ കർശന നിർദേശം നൽകി.
എം.എൽ.എ. അയച്ച വാട്സാപ്പ് സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസ് ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയും വേണം. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് കളക്ടർ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് നേരത്തേ പരാതി നൽകിയിരുന്നു. ഈ പരാതികളിൽ ഇതുവരെ എന്ത് നടപടി സ്വീകരിച്ചെന്നതും പോലീസ് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം.
തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി പോലും വനിതാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ച് മാനസികമായി പീഡിപ്പിക്കുന്നത് ഗൗരവകരമാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഇത്തരം പ്രവൃത്തികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കണം. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ സുരക്ഷ പോലീസ് ഉറപ്പുവരുത്തണമെന്നും പൊതുമധ്യത്തിൽ സ്ത്രീകൾക്ക് ഭയമില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ദേശീയ വനിതാ കമ്മിഷൻ കത്തിൽ വ്യക്തമാക്കി.
Content Highlights: National Commission for Women takes suo motu cognizance of the incident., NCW directs TN DGP Mahesh Aggarwal to submit a report within one week., MLA C. Arul Vignesh allegedly sent obscene WhatsApp messages to Kallakurichi District Collector J.E. Padmaja., NCW demands an unbiased, honest investigation without political interference., Emphasis placed on the safety and security of women working in various official sectors.