എഐഎഡിഎംകെ നേതാവിനെ ചൂല് കൊണ്ടും ചെരുപ്പുകൊണ്ടും തല്ലി യുവതികള്‍

ചെന്നൈ : ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് എഐഎഡിഎംകെ നേതാവിനെ നാലു സ്ത്രീകള്‍ ചേര്‍ന്ന് ചൂലും ചെരിപ്പുമെടുത്തു മര്‍ദ്ദിച്ചു. കാഞ്ചീപുരം ജില്ലയിലെ മണിമംഗലത്തിനടുത്തുള്ള പടപ്പായിലാണ് സംഭവം.
എഐഎഡിഎംകെയുടെ പ്രാദേശിക നേതാവായ അറുപതുകാരനായ എം.പൊന്നമ്പലത്തെയാണ് സ്ത്രീകള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചശേഷം പോലീസിന് കൈമാറിയത്.
സ്ത്രീകള്‍ ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 20 ദിവസങ്ങള്‍ക്ക് മുന്‍പാണ് താമസക്കാരില്‍ ഒരു പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുന്നത്. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നിന്നും അവര്‍ താമസം മാറുകയും ചെയ്തു. സ്വകാര്യ കമ്പനിയുടെ പ്രൊഡക്ഷന്‍ യൂണിറ്റിലെ തൊഴിലാളികളാണ് ഇവര്‍.
എന്നാല്‍ പഴയ വാടകവീടിന്റെ അഡ്വാന്‍സ് തുക പൊന്നമ്പലത്തിന്റെ വീട്ടില്‍ നിന്നും തിരികേ വാങ്ങാന്‍ പോകവേയാണ് അടുത്ത സ്ത്രീയോടും ഇയാള്‍ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്. പെണ്‍കുട്ടി വീട്ടിലെത്തിയതോടെ ഇയാള്‍ മുറിയടയ്ക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. എന്നാല്‍ ഇതില്‍ രോഷാകുലയായ പെണ്‍കുട്ടികള്‍ ചൂലും ചെരുപ്പുമെടുത്തും ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
കൈയ്യില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് അയാളെ അവര്‍ മര്‍ദ്ദിച്ചു. ഇവരിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. സ്ത്രീകളെ തിരിച്ച് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പൊന്നമ്പലം വാതില്‍ തുറന്നു പുറത്തേയ്ക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല.
അയാളെ അവര്‍ വീണ്ടും മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. മുറിയില്‍ പൂട്ടിയിട്ട ഇയാളെ പോലീസിന് കൈമാറി. സംഭവമറിഞ്ഞതോടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, പൊന്നമ്പലത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും അയാള്‍ വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളും നീക്കം ചെയ്യുകയും ചെയ്തു.
Content Highlights: oung women beat up AIADMK leader