ചാര്‍മിനാറിനടുത്ത് വന്‍ തീപ്പിടിത്തം: 17 മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക് | Video

ചാർമിനാറിനടുത്തുണ്ടായ തീപ്പിടിത്തം | ഫോട്ടോ: x.com/XpressHyderabad/
ചാർമിനാറിനടുത്തുണ്ടായ തീപ്പിടിത്തം | ഫോട്ടോ: x.com/XpressHyderabad/

ഹൈദരാബാദ്: ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ തീപിടുത്തത്തില്‍ ഏഴു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.  ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തിനിരയായവർക്ക് പ്രധാനമന്ത്രി മോദി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 11-ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ തീ നിയന്ത്രണവിധേയമായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്ത് നിരവധി ജ്വല്ലറികള്‍ ഉണ്ട്. പ്രദേശത്തെ ഈ കടകളില്‍ പലതും ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ്.

പ്രധാനമന്ത്രിയുടെ ഓഫീസ് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: A massive fire near Charminar in Hyderabad claimed 6 lives and injured many