ചിലർക്ക് സമ്പാദ്യം വർധിപ്പിക്കുന്നത് ഉന്മാദം; ജഗൻമോഹൻ റെഡ്ഡിയെ പാബ്ലോ എസ്കോബാറിനോട് ഉപമിച്ച് നായിഡു

ചന്ദ്രബാബു നായിഡു, ജ​ഗൻ മോഹൻ റെഡ്ഡി | Photo: PTI, ANI
ചന്ദ്രബാബു നായിഡു, ജ​ഗൻ മോഹൻ റെഡ്ഡി | Photo: PTI, ANI

അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺ​ഗ്രസ് അധ്യക്ഷനുമായ ​ജ​ഗൻ മോഹൻ റെഡ്ഡിയെ കുപ്രസിദ്ധ കുറ്റവാളി പാബ്ലോ എസ്കോബാറുമായി താരതമ്യം ചെയ്ത് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡൽഹിയിൽ നായിഡു സർക്കാരിനെതിരേ ജ​ഗൻ മോഹൻ റെഡ്ഡി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നായിഡുവിന്റെ അധിക്ഷേപം. വൈ.എസ്.ആർ കോൺ​ഗ്രസ് പ്രവർത്തകരെ സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ചായിരുന്നു ഡൽഹിയിൽ പ്രതിഷേധം. 

'പാബ്ലോ ഒരു കൊളംബിയൻ മയക്കുമരുന്ന് വ്യാപാരശൃംഖലയുടെ രാജാവാണ്. അദ്ദേഹം പിന്നീട്  രാഷ്ട്രീയക്കാരനായി മാറി. 30 ബില്ല്യൺ ഡോളർ അന്ന് അയാൾ സമ്പാദിച്ചു. ഇന്ന് അതിന്റെ മൂല്യം 90 ബില്ല്യൺ ഡോളറോളം വരും. 1976-ലാണ് പാബ്ലോ അറസ്റ്റ് ചെയ്യപ്പെടുന്നത്. 1980-ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ മയക്കുമരുന്ന് വ്യാപാരത്തിന്റെ അധിപനായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിറ്റും ഒരാൾക്ക് സമ്പന്നനാകാം. 

മുൻ മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്തായിരുന്നു. ടാറ്റ, റിലയൻസ്, അംബാനി എന്നിവരുടെ പക്കൽ പണമുണ്ട്. അവരേക്കാൾ സമ്പന്നനാകാൻ അദ്ദേഹം ആ​ഗ്രഹിച്ചു. ചില ആളുകൾക്ക് ആവശ്യമുണ്ട്. ചിലർക്ക് അത്യാ​ഗ്രഹങ്ങളും. മറ്റ് ചിലർക്ക് ഉന്മാദമാണ്. ഈ ആളുകൾ പണം സമ്പാദിക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നു', ജ​ഗൻ മോഹൻ റെഡ്ഡിയെ ഉന്നംവെച്ചുകൊണ്ട് നായിഡു പറഞ്ഞു. 

ചന്ദ്രബാബു നായിഡു അധികാരത്തിലേറിയതിന് പിന്നാലെ ജ​ഗനെതിരേ നിരവധി വിഷയങ്ങൾ ആരോപിക്കപ്പെട്ടിരുന്നു. ടി.ഡി.പി എം.എൽ.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിൽ ദിവസങ്ങൾക്ക് മുമ്പാണ് ​ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തത്. കൂടാതെ, നാല് പ്രമുഖ ചാനലുകളുടെ സംപ്രേഷണം കേബിൾ ഓപ്പറേറ്റർമാർ അവസാനിപ്പിച്ചതിന് പിന്നിലും സർക്കാർ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. 

Content Highlights: Chandrababu Naidu Compares Jagan Mohan Reddy To Drug Lord Pablo Escobar