ഗ്യാനേഷിനെ തള്ളാതെ ബി.ജെ.പി.; ഒരുക്കം രാജ്യവ്യാപക പ്രചാരണത്തിന്

#പ്രവീൺ കൃഷ്ണൻ
പ്രതീകാത്മകചിത്രം | Photo: AP
പ്രതീകാത്മകചിത്രം | Photo: AP

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭത്തെയും ചെറുക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.

ന്യായീകരിക്കുന്നത് സർക്കാരിനെയല്ല, സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായി കരുതപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെയാണ്. അതോടെ ജനങ്ങളെത്തള്ളി ഗ്യാനേഷ് കുമാറിനോടൊപ്പം നിൽക്കുന്നുവെന്നതിന് അടിവരയിടുകയാവും ബി.ജെ.പി. മാത്രമല്ല, ഗ്യാനേഷ് ചെയ്തതെല്ലാം സർക്കാരിനും ഭരണനേതൃത്വത്തിനും വേണ്ടിയായിരുന്നു എന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുകയുംചെയ്യും. എന്നിരുന്നാലും സാഹചര്യത്തിന്റെ സമ്മർദത്തിൽ കമ്മിഷന്റെ നടപടികളെ രാജ്യവ്യാപകമായി ജനങ്ങൾക്കിടയിൽ ന്യായീകരിക്കാനും പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാനുമുള്ള പ്രചാരണത്തിനാണ് പാർട്ടി ഒരുങ്ങുന്നത്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ യഥാർഥലക്ഷ്യം ഭരണനേതൃത്വം തന്നെയാണ്. ആരോപണങ്ങൾവന്ന് തറയ്ക്കുന്നതും പ്രധാനമന്ത്രിയിലും ആഭ്യന്തരമന്ത്രിയിലുമാണ്. അതിനാൽത്തന്നെ രാഷ്ട്രീയപ്രതിരോധം സൃഷ്ടിക്കൽ അത്യാവശ്യമാണെന്ന് പാർട്ടി കരുതുന്നു. പ്രതിപക്ഷം ആരോപിക്കുന്നതുപോലെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന വാദത്തിലായിരിക്കും പ്രചാരണത്തിൽ ഊന്നൽ. വിവാദമായ എസ്.ഐ.ആർ. പ്രക്രിയയെയും ശക്തമായി ന്യായീകരിച്ചായിരിക്കും പ്രചാരണം. എന്നിരുന്നാലും വോട്ടർപട്ടികയിൽ രജിസ്റ്റർചെയ്യാനുള്ള ഫോം ആറിൽ വരുത്തിയ മാറ്റങ്ങൾ യുവാക്കളോട് വിശദീകരിക്കുന്നതിൽ പാർട്ടി ബുദ്ധിമുട്ടും.

Content Highlights: Central government and BJP to defend Chief Election Commissioner Gyanesh Kumar against opposition protests