ആത്മനിര്‍ഭര്‍ ഭാരതിന് പിന്തുണ; 4.30 കോടിയുടെ സ്വദേശി മൈക്രോ പ്രൊസസര്‍ ചലഞ്ചുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഉത്തേജനം നല്‍കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ പ്രൊസസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള മത്സരം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ഗവേഷണ- സ്റ്റാര്‍ട്ടപ്പ് മേഖലകളിലുള്ളവരെ ഉദ്ദേശിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഐഐടി മദ്രാസ്, സിഡാക് എന്നീ സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഉത്പന്നം വികസിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുക. ആകെ 4.30 കോടി രൂപയുടെ സമ്മാനമാണ് ഇതിലൂടെ മത്സരാര്‍ഥികള്‍ക്ക് വിവിധ ഘട്ടങ്ങളായി ലഭിക്കുക.
ഐഐടി മദ്രാസ്, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ് കംപ്യൂട്ടിങ് ( സിഡാക്) എന്നീ സ്ഥാപനങ്ങള്‍ രണ്ട് മൈക്രോ പ്രൊസസറുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ശക്തി ( 32 ബിറ്റ്), വേഗ (64 ബിറ്റ്) എന്നിവയാണവ. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പിന്റെ മൈക്രോ പ്രൊസസര്‍ വികസിപ്പിക്കാനുള്ള പദ്ധതി പ്രകാരമായിരുന്നു ഇവയുടെ നിര്‍മാണം.
ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ഈ മൈക്രോ പ്രൊസസറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാകുന്ന വിവധങ്ങളായ സാങ്കേതിക ഉത്പന്നങ്ങള്‍ നിര്‍മിക്കണം. ഓഗസ്റ്റ് 18ന് മത്സരം ആരംഭിക്കും. 2021 ജൂണില്‍ അവസാനിക്കും. സെമിഫൈനലില്‍ എത്തുന്ന 100 പേര്‍ക്ക് ആകെ ഒരുകോടി രൂപയാണ് പാരിതോഷികം ലഭിക്കുക. ഫൈനല്‍ ഘട്ടത്തിലെത്തുന്ന 25 മത്സരാര്‍ഥികള്‍ക്കെല്ലാവര്‍ക്കും കൂടി ഒരുകോടി രൂപ സമ്മാനം ലഭിക്കും. മത്സരത്തിന്റെ ഫൈനലില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിക്കുന്നവര്‍ക്ക് ആകെ 2.30 കോടി രൂപയും 12 മാസത്തെ ഇന്‍കുബേഷന്‍ സപ്പോര്‍ട്ടും മന്ത്രാലയം നല്‍കും.
ഇതിനെല്ലാം പുറമെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും അതിന് വിപണി കണ്ടെത്താനുമുള്ള വേദികൂടിയായി ഇത് മാറും.
ഇന്ത്യയുടെ ഭാവി തന്ത്രപരമായ വ്യാവസായിക ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല സുരക്ഷ, ലൈസന്‍സിംഗ്, ടെക്‌നോളജി, ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള സുപ്രധാനമായ ചുവടുവെപ്പുകളിലൊന്നുകൂടിയാണ് ഇത്.
രാജ്യത്ത് സാങ്കേതിക വിദ്യയില്‍ അടിസ്ഥാനമാക്കിയുള്ള അടിത്തറ വിപുലമാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളില്‍ ഒന്നാണ് ഈ മത്സരവും. സമീപഭാവിയില്‍ തന്നെ ആഭ്യന്തരവും ആഗോളപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലേക്ക് സ്വദേശി പ്രൊസസറുകളുപയോഗിക്കുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.
Content Highlights: Centre launches Rs 4.30 crore 'Swadeshi Microprocessor Challenge' in boost to Aatmanirbhar Bharat
Content Highlights: