ഇ100 ഇന്ധനത്തിന് സർക്കാർ അനുമതി; 100% എഥനോളിൽ ഓടുന്ന കാറുകൾക്ക് വഴിയൊരുങ്ങുന്നു

ന്യൂഡൽഹി: മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. പൂർണ്ണമായും എഥനോൾ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന E100 ഫ്ലെക്സ് ഫ്യുവൽ (Flex-Fuel) വാഹനങ്ങൾക്ക് അനുമതി നൽകുന്നതിനാണ് കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ (Central Motor Vehicles Rules) ഗതാഗത മന്ത്രാലയം നിർണായക ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയത്.
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും മലിനീകരണം ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഫ്ലെക്സ് - ഫ്യുവൽ വാഹനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
1989ലെ മോട്ടോർ വാഹന ചട്ടങ്ങളിൽ ഒക്ടോബർ 23-നാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഭേദഗതി വരുത്തിയത്. വാഹനങ്ങളുടെ മലിനീകരണ മാനദണ്ഡങ്ങൾ, ഇന്ധന സവിശേഷതകൾ, ടെസ്റ്റിങ് പ്രക്രിയകൾ എന്നിവ ഉൾക്കൊള്ളുന്ന ചട്ടങ്ങളിൽ ഇ 85 നൊപ്പം ഇ 100 ഇന്ധനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
E20 യേക്കാൾ കൂടുതൽ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഇതിനായി പ്രത്യേക ഡിസൈൻ ചെയ്ത് അംഗീകരിച്ച ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. സാധാരണ പെട്രോൾ വാഹനങ്ങളിലോ E20 അനുമതിയുള്ള വാഹനങ്ങളിലോ E85, E100 തുടങ്ങിയ ഉയർന്ന എഥനോൾ മിശ്രിതങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.
ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം ചെറു പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഭാരപരിധി (Gross Vehicle Weight) 3,000 കിലോഗ്രാമിൽ നിന്ന് 3,500 കിലോഗ്രാമായി ഉയർത്തിയിട്ടുമുണ്ട്.
Content Highlights: Central government amended the Central Motor Vehicles Rules to permit 100% ethanol (E100) flex-fuel vehicles., Aims to reduce crude oil imports and lower vehicular pollution., Higher ethanol blends like E85 and E100 can only be used in specifically certified flex-fuel vehicles, not in standard petrol or E20 vehicles., Gross vehicle weight limit for small petrol and diesel vehicles increased from 3,000 kg to 3,500 kg.