എന്നെ ആക്രമിച്ചാൽ കേന്ദ്രം ചെയ്ത കുറ്റങ്ങൾ ഇല്ലാതാകില്ല, വിവാദ കമ്പനിക്ക് എങ്ങനെ കരാർ ലഭിച്ചു- രാഹുൽ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട ഓൺ-സ്ക്രീൻ മാർക്കിങ് വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏകദേശം 18.5 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നും മുൻപ് വിവാദങ്ങളിൽപ്പെട്ട കോഎംപ്റ്റ് എഡ്യു ടെക് എന്ന കമ്പനിക്ക് എങ്ങനെയാണ് പരീക്ഷാ നടത്തിപ്പിന്റെ കരാർ ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.
കമ്പനിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ചപറ്റിയെന്നും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നേരത്തെതന്നെ പുറത്താക്കേണ്ടതായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തിയതുകൊണ്ട് കേന്ദ്രംചെയ്ത കുറ്റങ്ങൾ ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തി. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ കാരണം രാഹുൽ ഗാന്ധി നിരാശയിലാണെന്നും അതുകൊണ്ടാണ് രാജ്യത്തിന്റെ സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതിയെ അദ്ദേഹം എപ്പോഴും എതിർക്കുന്നതെന്നും പ്രധാൻ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയെയും ഇവിഎമ്മുകളെയും രാഹുൽ മുൻപും എതിർത്തിട്ടുണ്ടെന്നും രാഷ്ട്രീയത്തിന് മുൻഗണന നൽകാതെ വിദ്യാർഥികളുടെ മാനസിക സമ്മർദം കുറയ്ക്കാനാണ് ഇപ്പോൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിബിഎസ്ഇ പരീക്ഷാ ഫലത്തിൽ ക്രമക്കേടുകൾ നടന്നതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിൽ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുന്നുവെന്നും മന്ത്രി അറിയിച്ചു. ഇതിന് പരിഹാരമായി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനർമൂല്യനിർണയ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ മേൽനോട്ടം വഹിക്കുന്നതിനായി ഐഐടി കാൺപൂർ, ഐഐടി മദ്രാസ് എന്നീ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായും ഒരു വിദ്യാർഥിയുടെയും പരാതി പരിഹരിക്കപ്പെടാതെ പോകില്ലെന്ന് ഉറപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചു.
Content Highlights: Rahul Gandhi highlights impact on 18.5 lakh students due to OSM errors., Concerns raised regarding the selection of COEMPT for exam contracts., Union Education Minister acknowledges technical lapses in result processing., IIT Kanpur and IIT Madras appointed to oversee the re-evaluation process., Government commits to resolving all student grievances.