നേരം പുലര്‍ന്നപ്പോള്‍ അനില്‍ അംബാനിയുടെ വീട്ടില്‍ സിബിഐ സംഘം; ബാങ്ക് തട്ടിപ്പ് കേസില്‍ റെയ്ഡ്

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പ്രൊമോട്ടറുമായ അനില്‍ അംബാനിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. 2000 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം അനില്‍ അംബാനിയുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് എട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അംബാനിയുടെ മുംബൈയിലെ വസതിയായ 'സീവിന്ഡി'ല്‍ പരിശോധനയ്ക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിബിഐ സംഘം റെയ്ഡിനെത്തിയപ്പോള്‍ അനില്‍ അംബാനിയും ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. അംബാനിയുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും ശനിയാഴ്ച സിബിഐയുടെ പരിശോധന നടന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യം.
വായ്പാ തട്ടിപ്പിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് അനില്‍ അംബാനിക്കെതിരേ സിബിഐ കേസെടുത്തിരിക്കുന്നത്. ജൂണ്‍ 13-ന് അനില്‍ അംബാനിയെയും റിലയന്‍സ് കമ്മ്യൂണിക്കേഷനെയും തട്ടിപ്പുകാരായി എസ്ബിഐ രേഖപ്പെടുത്തുകയും തുടര്‍ന്ന് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ തട്ടിപ്പുകാരനാണെന്ന് രേഖപ്പെടുത്തിയാല്‍ 21 ദിവസത്തിനകം ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സിബിഐയെയോ പോലീസിനെയോ വിവരമറിയിക്കണമെന്നുമാണ് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശം. ഇതനുസരിച്ചാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നേരത്തേ യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയും അനില്‍ അംബാനിക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട മുംബൈയിലെ 35 കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തുകയുംചെയ്തു.
2017ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്ക്കും അധികൃതര്‍ക്കും കൈക്കൂലി നല്‍കിയതിനും തെളിവുലഭിച്ചിരുന്നു. യെസ് ബാങ്ക് വായ്പയ്ക്ക് അനുമതിനല്‍കിയതില്‍ വലിയ പിഴവുകളുണ്ടായതായും ഇഡി പറയുന്നു.
Content Highlights: CBI raided Reliance Group Chairman Anil Ambani`s Mumbai residence