ഒരു കോടി രൂപ,3.5 കിലോ സ്വര്‍ണം,2കിലോ വെള്ളി;അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനില്‍നിന്ന് CBI കണ്ടെടുത്തത്

ന്യൂഡല്‍ഹി: 25 ലക്ഷം രൂപയുടെ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അമിത് കുമാര്‍ സിംഗാളിന്റെയും അദ്ദേഹത്തിന്റെ ഒരു സഹായിയുടെയും വസതികളില്‍ നടത്തിയ റെയ്ഡില്‍ സിബിഐ കണ്ടെടുത്തത് വന്‍തോതില്‍ കറന്‍സിയും സ്വര്‍ണവും. ഏകദേശം ഒരു കോടി രൂപയുടെ നോട്ടുകള്‍. 3.5 കിലോഗ്രാം സ്വര്‍ണം, രണ്ട് കിലോ വെള്ളി തുടങ്ങിയവ പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു.
നികുതി വകുപ്പിലെ അഡിഷണല്‍ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന സിംഗാളിന്റെയും അദ്ദേഹത്തിന്റെ സഹായി ഹര്‍ഷ കോട്ടക്കിന്റെയും ഡല്‍ഹിയിലെയും പഞ്ചാബിലെയും വസതികളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.
ഒരു പിസ്സ ശൃംഖല ഉടമയില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് സിംഗാളിനെ അറസ്റ്റ് ചെയ്തത്. ലാ പിനോസ് പിസ്സയുടെ ഉടമയായ സനം കപൂറിന് നല്‍കിയ ആദായ നികുതി നോട്ടീസ് ഒത്തുതീര്‍പ്പാക്കാന്‍ 45 ലക്ഷം രൂപ കൈക്കൂലിയായി സിംഗാള്‍ ആവശ്യപ്പെട്ടതായി സിബിഐ എഫ്ഐആറില്‍ പറയുന്നു.
25 ലക്ഷം രൂപയുടെ ആദ്യ ഗഡു ശനിയാഴ്ച മൊഹാലിയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചു. അമിത് കുമാര്‍ സിംഗാളിന് വേണ്ടി സഹായി ആണ് പണം കൈപ്പറ്റിയത്. ഇതിനിടെ സനം കപൂര്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പരാതിയില്‍ ഹര്‍ഷ കോട്ടക്കിനെ അറസ്റ്റ് ചെയ്തു. ഇതേദിവസം തന്നെ കേന്ദ്ര ഏജന്‍സിയുടെ മറ്റൊരു സംഘം സിംഗാളിനെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഇരുവരെയും ചണ്ഡീഗഡിലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ജൂണ്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Content Highlights: Bribery case: CBI seizes Rs 1 Cr in cash, 3.5-kg gold from IRS officer's premises