കാൻസർ ചികിത്സയ്ക്ക് പഞ്ചഗവ്യം;ഗവേഷണത്തിനായി പൊടിച്ചത് കോടികൾ,അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

#ന്യൂസ് ഡെസ്‌ക്
Photo: AP
Photo: AP

ഇന്ദോർ: പശുവിന്റെ മൂത്രവും ചാണകവും അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് വികസിപ്പിക്കാൻ സർക്കാർ ധനസഹായത്തോടെ മധ്യപ്രദേശ് നടത്തിയ ഗവേഷണ സംരംഭം വിവാദത്തിൽ. ഏകദേശം ഒരു ദശാബ്ദക്കാലമായി ആരംഭിച്ച ഗവേഷണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും സംശയാസ്പദമായ ചെലവുകളും പുറത്തുവന്നതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.

ജില്ലാ അധികാരികൾക്ക് ലഭിച്ച ഒരു പരാതിയെ തുടർന്ന് പദ്ധതിയുടെ നടത്തിപ്പ് പരിശോധിക്കാൻ ഡിവിഷണൽ കമ്മീഷണർ ഉത്തരവിട്ടു. ദീർഘകാലമായി നടന്നുവരുന്ന ഈ ഗവേഷണത്തിന്റെ ചെലവിടൽ രീതികളും അതിന്റെ ഫലങ്ങളും പരിശോധിക്കാൻ ഡിവിഷണൽ കമ്മീഷണർ അഡീഷണൽ കളക്ടറുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു.

2011-ൽ ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്‌സിറ്റിയിൽ ആരംഭിച്ച പദ്ധതിയാണിത്. കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി പശുവിന്റെ ചാണകം, ഗോമൂത്രം, പാലുൽപ്പന്നങ്ങൾ എന്നിവ സംയോജിപ്പിച്ച് പരമ്പരാഗതമായി തയ്യാറാക്കുന്ന പഞ്ചഗവ്യത്തെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. ഇതിനായി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർ തുടക്കത്തിൽ ഏകദേശം എട്ടു കോടി രൂപയുടെ ധനസഹായം നിർദേശിച്ചപ്പോൾ, സംസ്ഥാന സർക്കാർ 3.5 കോടി രൂപ അനുവദിച്ചിരുന്നു.

അന്വേഷണ സംഘം തങ്ങളുടെ കണ്ടെത്തലുകൾ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളും ശാസ്ത്രീയ ഉൽപ്പാദനക്ഷമതയുമെല്ലാം അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ഗവേഷണവുമായി ബന്ധപ്പെട്ട ചെലവുകൾ വളരെ ഉയർന്ന നിലയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  മാത്രമല്ല ഗവേഷണവുമായി യതൊരു ബന്ധവുമില്ലാത്ത വസ്തുക്കൾ വരെ ചെലവിന്റെ പട്ടികയിലുണ്ട്.

2011-നും 2018-നും ഇടയിൽ, ചാണകം, ഗോമൂത്രം, ഇവ സംഭരിക്കാനുള്ള പാത്രങ്ങൾ, അസംസ്‌കൃത വസ്തുക്കൾ, യന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന വസ്തുക്കൾക്കായി ഏകദേശം 1.92 കോടി രൂപ ചെലവഴിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള വിപണി നിരക്കിനേക്കാൾ 15-20 ലക്ഷം രൂപ അധികം വിലവരുന്നവയും കണ്ടെത്തിയിട്ടുണ്ട്.

ഗവേഷണ ആവശ്യങ്ങൾക്കായി സർവകലാശാലാ സംഘം വിവിധ നഗരങ്ങളിലേക്ക് 23 മുതൽ 24 വരെ വിമാന യാത്രകൾ നടത്തിയിട്ടുണ്ട്. ഇത്തരം യാത്രയുടെ ആവശ്യകതയെയും അന്വേഷണ റിപ്പോർട്ടിൽ സംശയത്തോടെയാണ് കാണുന്നതെന്ന് പറയുന്നു.

സംശയാസ്പദമായ അധിക ചെലവുകളിൽ ഏകദേശം 7.5 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വാഹനം വാങ്ങിയതും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് യഥാർഥ അംഗീകൃത എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ധനത്തിനും വാഹന അറ്റകുറ്റപ്പണികൾക്കുമായി 7.5 ലക്ഷത്തിലധികം രൂപയും, കൂലിയായി ഏകദേശം 3.5 ലക്ഷം രൂപയും, ഫർണിച്ചറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമായി ഏകദേശം 15 ലക്ഷം രൂപയും പദ്ധതിയിൽ ചെലവഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഈ അന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങൾ സർവകലാശാല ഉദ്യോഗസ്ഥർ നിരസിച്ചു. സർക്കാർ പറഞ്ഞിട്ടുള്ള എല്ലാ നടപടിക്രമങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. പഞ്ചഗവ്യ പദ്ധതി 2012 മുതൽ പൂർണ സുതാര്യതയോടെയും നിയമങ്ങൾ പാലിച്ചുമാണ് പ്രവർത്തിച്ചുവരുന്നതെന്ന് രജിസ്ട്രാർ ഡോ. എസ്.എസ്. തോമർ പറഞ്ഞു.

Content Highlights: Madhya Pradesh government funded Panchagavya cancer research project faces probe for financial irregularities. Allegations of inflated costs and unrelated expenses surface.