ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപവത്കരിക്കും; കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡല്‍ഹി: ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപവത്കരിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപവത്കരിക്കുന്നത്.

ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇത്തരമൊരു സുപ്രധാന തീരുമാനം എടുത്തത്. ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി മുഖാന്തരം ഒരു പൊതുയോഗ്യത പരീക്ഷ രാജ്യത്താകമാനം നടത്താനാണ് തീരുമാനമെന്നാണ് വാർത്താ സമ്മേളനത്തിൽ മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചത്.

സാധാരണ കേന്ദ്രസർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഒഴിവുകൾക്ക് വ്യത്യസ്ത തലത്തിലാണ് പരീക്ഷ നടത്തുന്നത്. ഇതു പരിഹരിക്കാനാണ് ഏകീകൃത സംവിധാനം നിലവില്‍ വരുന്നത്. നിലവില്‍ 20 ഓളം റിക്രൂട്ട്‌മെന്റ ഏജന്‍സികളാണ് കേന്ദ്രസര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ ബാങ്കികളിലേക്കും നിയമനം നടത്തുന്നത്. ഇതുമൂലം വിവിധ സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പൊതുപരീക്ഷയെഴുതേണ്ടി വരുന്ന ഉദ്യോഗാര്‍ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഏജന്‍സിയുടെ രൂപീകരണം.

മൂന്ന് വര്‍ഷമായിരിക്കും ഈ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ അംഗീകാരമുണ്ടായിരിക്കും. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പുതിയ റിക്രൂട്ടമെന്റ് ഏജന്‍സിയെകുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.

content highlights: Cabinet gives nod to set up National Recruitment Agency

Content Highlights: