അണ്ണാ ഡിഎംകെയിൽ വീണ്ടും രാജി; സി. വിജയഭാസ്‌കറും പുറത്തേക്ക്, പാർട്ടി കടുത്ത പ്രതിസന്ധിയിൽ

#ന്യൂസ് ഡെസ്ക്
രാജിക്കത്ത് സി. വിജയഭാസ്‌കർ നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് കൈമാറുന്നു. | Photo: TN DIPR / ANI
രാജിക്കത്ത് സി. വിജയഭാസ്‌കർ നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് കൈമാറുന്നു. | Photo: TN DIPR / ANI

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ സി. വിജയഭാസ്‌കർ എംഎൽഎ സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ സെക്രട്ടേറിയറ്റിലെത്തി സ്പീക്കർ ജെ.സി.ഡി പ്രഭാകറിന് അദ്ദേഹം രാജി സമർപ്പിക്കുകയും സ്പീക്കർ അത് സ്വീകരിക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാർട്ടിയിൽ നിന്ന് രാജിവെക്കുന്ന എംഎൽഎമാരുടെ എണ്ണം അഞ്ചായി.

വിരാളിമലയിൽ നിന്ന് നാല് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട വിജയഭാസ്‌കർ പാർട്ടിയുടെ കരുത്തുറ്റ മുഖമായിരുന്നു. എന്നാൽ 2026-ലെ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം പാർട്ടിയിലെ വിമത വിഭാഗത്തിനൊപ്പം ചേരുകയും നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട് അനുരഞ്ജന ചർച്ചകൾ നടന്നുവെങ്കിലും പദവിയിൽ തിരിച്ചെടുക്കാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴത്തെ രാജിക്ക് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

നേരത്തെ, മരഗതം കുമാരവേൽ, എസ്. ജയകുമാർ, പി. സത്യഭാമ, ഇസക്കി സുബ്ബയ്യ എന്നീ നാല് എംഎൽഎമാർ രാജിവെച്ച് മുഖ്യമന്ത്രി വിജയ്‍യുടെ പാർട്ടിയായ ടിവികെയിൽ (TVK) ചേർന്നിരുന്നു. വിജയഭാസ്‌കറിന്റെ രാജിയോടെ തമിഴ്‌നാട് നിയമസഭയിൽ അണ്ണാ ഡിഎംകെയുടെ അംഗബലം 42 ആയി കുറഞ്ഞു. തങ്ങളുടെ നേതാക്കളെ ടിവികെ കുതിരക്കച്ചവടത്തിലൂടെ തട്ടിയെടുക്കുകയാണെന്ന് എഐഎഡിഎംകെ നേതൃത്വം ആരോപിച്ചു. അതേസമയം എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അതൃപ്തിയാണ് നേതാക്കൾ പാർട്ടി വിടാൻ കാരണമെന്നാണ് ടിവികെയുടെ വിശദീകരണം.