കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; മുങ്ങിയെടുത്തത് ഈശ്വർ മാൽപെ

മുംതാസ് അലി, നദിയിൽ തിരച്ചിൽ നടത്തുന്നു | photo: facebook/mumtaz ali, screengrab/ani
മുംതാസ് അലി, നദിയിൽ തിരച്ചിൽ നടത്തുന്നു | photo: facebook/mumtaz ali, screengrab/ani

മം​ഗളൂരു: കർണാടകയിൽ കഴിഞ്ഞദിവസം കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴം​ഗ സ്ക്യൂബ ടീമും എൻ.ഡി.ആർ.എഫും ചേർന്നു നടത്തിയ തിരച്ചിലിൽ കുളൂർ പാലത്തിന് അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

കൊച്ചി-പനവേൽ ദേശീയ പാത 66-ൽ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാർ തകർന്ന നിലയിൽ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു. തുടർന്ന് അലിയ്ക്കായി വ്യാപകമായ തിരച്ചിലാണ് നടന്നത്. സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നി​ഗമനത്തിലാണ് പോലീസ്. മുംതാസ് അലി പാലത്തിൽനിന്ന് നദിയിലേയ്ക്ക് ചാടിയതാവാം എന്നായിരുന്നു മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ കഴിഞ്ഞദിവസം പറഞ്ഞത്.

പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട മുംതാസ് അലി ന​ഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയെന്നും പോലീസ് അറിയിച്ചു. കാ‍ർ അപകടത്തിൽപ്പെട്ടതായി മനസ്സിലാക്കിയ മുംതാസ് അലിയുടെ മകളാണ് പോലീസിൽ വിവരമറിയിച്ചത്. ജനതാദൾ (സെക്യുലർ) നേതാവ് ബി.എം ഫറൂഖിൻ്റേയും മുൻ കോൺ​ഗ്രസ് എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. 


 

Content Highlights: businessman Mumtaz Ali body found under the Kullur bridge