'ഓടാം, പക്ഷെ ഒളിച്ചിരിക്കാനാകില്ല'; ലഷ്കർ ഭീകരനെ വധിച്ചു, ഓപ്പറേഷൻ അഷ്ദറുമായി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച ഭീകരൻ പാകിസ്താൻ സ്വദേശിയാണെന്ന് പോലീസ്. നിരോധിത ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയിൽ പ്രവർത്തിക്കുന്ന യാസിർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച ബഡ്ഗാമിലെ വനമേഖലയിൽ സൈന്യവും പോലീസും സി.ആർ.പി.എഫും ചേർന്നാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു സംയുക്ത തിരച്ചിൽ. സൈന്യത്തിന്റെ ശ്രീനഗർ ആസ്ഥാനമായുള്ള 15 കോർപ് ആണ് ഈ ദൗത്യത്തിന് 'ഓപ്പറേഷൻ അഷ്ദർ' എന്ന് പേരിട്ടത്.
തിരച്ചിലിനിടെ ഭീകരർ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സേന തിരിച്ചടിച്ചതോടെയാണ് യാസിർ കൊല്ലപ്പെട്ടത്. "ഓടാം, പക്ഷേ ഒളിച്ചിരിക്കാനാകില്ല", വിവരം പങ്കുവെച്ചുകൊണ്ട് ജമ്മു കശ്മീർ പോലീസ് എക്സിൽ കുറിച്ചു.
കശ്മീർ താഴ്‌വരയിൽ മാസങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു ഏറ്റുമുട്ടലുണ്ടായത്. ജൂലൈ എട്ടിന് ഷോപിയാനിലെ ചനാപോറയിൽ 55 രാഷ്ട്രീയ റൈഫിൾസും പോലീസും സി.ആർ.പി.എഫും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ ഒരു ഭീകരനെ വധിച്ചിരുന്നു.
Content Highlights: Pakistani Lashkar-e-Taiba terrorist named Yasir killed in Budgam encounter., Joint operation conducted by Army, J&K Police, and CRPF named Operation Ashdar., Terrorist opened fire during a search operation in the forest area., First major encounter in the Kashmir valley after several months.