ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നിട്ടില്ല; ബംഗ്ലാദേശിന്റെ ആരോപണം തള്ളി ബിഎസ്എഫ്

ഷില്ലോങ്: ബംഗ്ലാദേശിലെ യുവരാഷ്ട്രീയ പ്രവർത്തകനും ഇൻക്വിലാബ് മോഞ്ചോ നേതാവുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നു എന്ന ബംഗ്ലാദേശിന്റെ അവകാശവാദം തള്ളി ബിഎസ്എഫും മേഘാലയ പോലീസും. അക്രമികൾ സംസ്ഥാനത്തേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പോലീസിന്റെ അവകാശവാദം മേഘാലയയിലെ സുരക്ഷാ ഏജൻസികൾ ഞായറാഴ്ച തള്ളി.
ഹാദി കൊലക്കേസിലെ രണ്ട് പ്രധാന പ്രതികൾ പ്രാദേശിക കൂട്ടാളികളുടെ സഹായത്തോടെ ഹലുവാഘട്ട് അതിർത്തി വഴി മേഘാലയയിലേക്ക് കടന്നതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ ബംഗ്ലാദേശിന്റെ ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി ഇൻസ്‌പെക്ടർ ജനറൽ ഒ.പി. ഉപാധ്യായ വ്യക്തമാക്കി.
'ഹലുവാഘട്ട് സെക്ടറിൽ നിന്ന് അന്താരാഷ്ട്ര അതിർത്തി കടന്ന് മേഘാലയയിലേക്ക് ആരെങ്കിലും കടന്നിട്ടുണ്ട് എന്നതിന് യാതൊരു തെളിവുമില്ല. അത്തരമൊരു സംഭവം ബിഎസ്എഫ് കണ്ടെത്തുകയോ, അവർക്ക് അതിനെക്കുറിച്ചുള്ള എന്തെങ്കിലും റിപ്പോർട്ട് ലഭിക്കുകയോ ചെയ്തിട്ടില്ല.' ഉപാധ്യായ പിടിഐയോട് പറഞ്ഞു.
ഹാദിയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന ഫൈസൽ കരിം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവരാണ് പ്രാദേശിക സഹായത്തോടെ മൈമെൻസിങ്ങിലെ ഹലുവാഘട്ട് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നത് എന്നായിരുന്നു ബംഗ്ലാദേശ് പോലീസിന്റെ അവകാശവാദം. ഇവരെ സഹായിച്ചവരെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിൽ എടുത്തുവെന്ന അനൗദ്യോഗിക വിവരം ലഭിച്ചിട്ടുള്ളതായും അവർ ആരോപിച്ചിരുന്നു.
ഗാരോ ഹിൽസ് മേഖലയിൽ പ്രതികളുടെ സാന്നിധ്യമുണ്ട് എന്ന ബംഗ്ലാദേശിന്റെ അവകാശവാദം ശരിവെക്കുന്ന തരത്തിലുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തുനിന്നും അത്തരം അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നും മേഘാലയ പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രാദേശിക പോലീസ് യൂണിറ്റുകൾ അത്തരം നീക്കങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര ഏജൻസികളുമായി ഏകോപനം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അയൽരാജ്യത്തെ അസ്വസ്ഥതകളും അസ്ഥിരമായ സാഹചര്യവും കണക്കിലെടുത്ത്, ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ പ്രത്യേകം ജാഗ്രത പാലിക്കുന്നുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി നിരന്തരം നിരീക്ഷണത്തിലാണെന്നും അനധികൃതമായി അതിർത്തി കടക്കാനുള്ള ഏതൊരു ശ്രമവും ഉടൻ കണ്ടെത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുമെന്നും അവർ അറിയിച്ചു.
ധാക്കയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസംബർ 12നാണ് 32-കാരനായ ഹാദി തലയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. മെച്ചപ്പെട്ട ചികിത്സയ്ക്കായി അദ്ദേഹത്തെ സിംഗപ്പൂരിലേക്ക് എയർലിഫ്റ്റ് ചെയ്‌തെങ്കിലും ഡിസംബർ 18-ന് മരിച്ചു. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിന്റെ വീഴ്ചയിലേക്ക് നയിച്ച 2024 ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലെ വലിയ തെരുവ് പ്രതിഷേധങ്ങളിലെ പ്രധാനിയായിരുന്നു ഹാദി.
Content Highlights: BSF and Meghalaya Police refute Bangladesh`s claim that Sharif Osman Hadi's killers entered India via Meghalaya`s Haluaghat border. No evidence of cross-border movement.