ബ്രിക്സ് ഉച്ചകോടി: സംയുക്തപ്രസ്താവന ഇന്ത്യക്ക് തലവേദന, ഇറാന്റേയും യു.എ.ഇ.യുടേയും നിലപാടുകളിൽ ഭിന്നത

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി നയതന്ത്ര ലോകത്തുതീർത്ത അനിശ്ചിതത്വമാണ് ബ്രിക്സ് ഉച്ചകോടിയെ ആഗോള ശ്രദ്ധയിലേക്കുയർത്തുന്നത്. ഒടുവിൽ പുറത്തുവരേണ്ട സംയുക്ത പ്രസ്താവനയെച്ചൊല്ലി അംഗരാജ്യങ്ങൾക്കിടയിൽ മറ്റൊരുയുദ്ധം മുറുകുകയാണ്.
പശ്ചിമേഷ്യൻ യുദ്ധം, റഷ്യ-യുക്രൈൻ സംഘർഷം, ഇവ ആഗോള സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയ അസ്വസ്ഥതകളാണ് വിഷയങ്ങൾ. ഇതിൽ അംഗരാജ്യങ്ങളുടെ പരസ്പരപോരാട്ടങ്ങൾക്കിടയിൽ സമവായമുണ്ടാക്കുകയെന്നത് ആതിഥേയ രാജ്യമായ ഇന്ത്യക്ക് ചെറിയ തലവേദനയല്ല.
പശ്ചിമേഷ്യൻ വിഷയത്തിൽ നേരിട്ട് പങ്കാളികളായ ഇറാൻ ഒരു ഭാഗത്തും യു.എ.ഇ., സൗദി അറേബ്യ എന്നീ രാജ്യങ്ങൾ മറുഭാഗത്തുമായി നിലയുറപ്പിക്കുമ്പോൾ സമവായം എളുപ്പമല്ല. അംഗരാജ്യങ്ങൾക്കിടയിൽ പ്രത്യക്ഷസ്വാധീനമുണ്ടാക്കാൻ ശേഷിയുള്ള വമ്പൻ രാജ്യങ്ങളായ റഷ്യയും ചൈനയും ഉച്ചകോടിയിലുടനീളമുണ്ട്. ഈ സാഹചര്യത്തിൽ, സംയുക്ത പ്രസ്താവനയില്ലാതെ ഉച്ചകോടി സമാപിക്കുമോയെന്നും ആശങ്കയുണ്ട്. എന്നാൽ, അനുരഞ്ജനമാർഗം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയുടെ വിദേശകാര്യ ഉദ്യോഗസ്ഥർ പറയുന്നു.
ഇറാൻ-അമേരിക്ക/ഇസ്രയേൽ യുദ്ധക്കുറിച്ച് പ്രതിപാദിക്കാതെ ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കാനാകില്ല. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട്, ഉപയോഗിക്കേണ്ട ഭാഷ തുടങ്ങിയവ നയതന്ത്രരേഖകൾ തയ്യാറാക്കുമ്പോൾ അതിപ്രധാനമാണ്. യുദ്ധവുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ ഭാഷയെച്ചൊല്ലി ഇറാനും യു.എ.ഇ.യും തമ്മിൽ ഭിന്നത പ്രകടമാണ്.
ഏകപക്ഷീയ ആക്രമണമെന്ന് ഇറാൻ
ഇറാനെതിരേ ഏകപക്ഷീയമായ ആക്രമണവും ഐക്യരാഷ്ട്രസഭാ ചാർട്ടറുകളുടെ ലംഘനവുമാണ് നടന്നതെന്ന് സംയുക്തപ്രസ്താവനയിൽ രേഖപ്പെടുത്തണമെന്നതാണ് ഇറാന്റെ വാദം. ഇറാൻ തങ്ങളുടെ പരമാധികാരത്തിനും ഭൂപ്രദേശത്തിനുമെതിരേ നടത്തിയ ആക്രമണങ്ങളെ പ്രസ്താവനയിൽ ഉൾപ്പെടുത്തണമെന്നാണ് യു.എ.ഇ.യുടെ ആവശ്യം.
അതേസമയം, പലസ്തീനോടുള്ള സമീപനത്തെച്ചൊല്ലി തർക്കമില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ, ഗാസയെ അധിനിവേശ പലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യഭാഗം എന്ന് വിശേഷിപ്പിക്കുന്ന 2025-ലെ ബ്രസീൽ ഉച്ചകോടിയിലെ ഭാഗം നിലനിർത്തിയേക്കും.
Content Highlights: BRICS Summit faces uncertainty due to the ongoing Middle East crisis and Russia-Ukraine war., India, as the host nation, struggles to build consensus among divided member states like Iran and UAE.