താരമായി മലയാളി ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ സിദ്ധാർഥ് ബാബു; ലോകനേതാക്കളെ സ്വീകരിച്ചത് രാമേശ്വരം ക്ഷേത്രത്തിന്റെ ഇടനാഴിയുടെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: ലോകനേതാക്കളുടെ സംഗമത്തിൽ താരമായി മലയാളി ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ സിദ്ധാർഥ് ബാബുവും. വ്ളാദിമിർ പുതിനും ഷീ ജിൻപിങ്ങിനുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി കൈപിടിച്ച് സൗഹൃദം പങ്കിടുന്ന വൈറൽ ചിത്രത്തിൽ പരിഭാഷ നിർവഹിച്ച സിദ്ധാർഥും ഉൾപ്പെട്ടു.
‘ലോകനേതാക്കൾ പറഞ്ഞ രഹസ്യങ്ങളറിയാവുന്നയാൾ’ എന്ന മട്ടിൽ സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെ മീമുകളും പ്രചരിക്കുന്നുണ്ട്. 2017 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ സിദ്ധാർഥ് എറണാകുളം കലൂർ സ്വദേശിയാണ്.
നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈസ്റ്റ് ഏഷ്യ വിഭാഗത്തിൽ അണ്ടർ സെക്രട്ടറിയാണ്. ചൈനീസ് ഭാഷയിലും പ്രാവീണ്യമുണ്ട്. ഈവർഷം റിപ്പബ്ലിക് ദിന പരേഡിലും പ്രധാനമന്ത്രിയുടെ പരിഭാഷകനായിരുന്ന സിദ്ധാർഥ് ശ്രദ്ധ നേടിയിരുന്നു.
വൈവിധ്യങ്ങളുടെ സമ്മേളനം; ഒന്നിച്ച് മരംനട്ട് നേതാക്കൾ
ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ലോകനേതാക്കൾ ആൽമരത്തൈ നട്ടു. നടരാജശില്പത്തിനുമുന്നിലാണ് മരങ്ങൾ നട്ടത്. ഉച്ചകോടിക്കിടെയെടുത്ത ചിത്രങ്ങൾ മോദി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
പശ്ചാത്തലത്തിൽ രാമേശ്വരം ക്ഷേത്രത്തിന്റെ ചിത്രം
ലോകനേതാക്കളെ മോദി സ്വീകരിച്ചത് തമിഴ്‌നാട്ടിലെ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രത്തിലെ ഇടനാഴിയുടെ ചിത്രപശ്ചാത്തലത്തിൽ. ചിത്രത്തെക്കുറിച്ച് മോദി വിവരിച്ചു. വെള്ളിയാഴ്ച ഉഭയകക്ഷി ചർച്ചയിൽ വ്ളാദിമിർ പുതിന് മോദി സമ്മാനിച്ചത് തമിഴ് കവി തിരുവള്ളുവരുടെ തിരുക്കുറളിന്റെ റഷ്യൻ പരിഭാഷയായിരുന്നു.
ദ്രാവിഡ പാർട്ടികൾ ദുർബലമാകുന്ന രാഷ്ട്രീയസാഹചര്യത്തിൽ തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻകൂടി ലക്ഷ്യംവെച്ചാണ് ബ്രിക്സ് വേദിയിലും മോദി തമിഴ് സംസ്കാരത്തെ ഉയർത്തിക്കാട്ടുന്നതെന്നാണ് സൂചന.
രുചിവൈവിധ്യം: മീഡിയ സെന്ററിൽ സസ്യാഹാരം
നേതാക്കൾക്കും പ്രതിനിധികൾക്കും തനതായ ഇന്ത്യൻ വിഭവങ്ങളാണ്. ഐ.ടി.സി. ഹോട്ടലിനാണ് ഭക്ഷണച്ചുമതല. ആഗോള, ഏഷ്യൻ, ചൈനീസ് വിഭവങ്ങളും വിളമ്പുന്നുണ്ടെന്ന് ഐ.ടി.സി.യുടെ കോർപ്പറേറ്റ് ഷെഫായ മനീഷാ ഭാസിൻ പറഞ്ഞു. മീഡിയാ സെന്ററിൽ സസ്യാഹാരം മാത്രമാണ് വിളമ്പുന്നത്.
അന്താരാഷ്ട്ര, ദേശീയ തലത്തിൽനിന്നായി 1400 മാധ്യമപ്രവർത്തകരാണുള്ളത്. വിദേശകാര്യ മന്ത്രാലയത്തിൽ എക്‌സ് പി ഡിവിഷനിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള മലയാളികളായ വസുദേവ് രവിയും ഡെപ്യൂട്ടി സെക്രട്ടറി മേഘാ സണ്ണിയുമാണ് മീഡിയ സെന്ററിന്റെ ചുമതലയിൽ.
അംഗരാജ്യങ്ങളുടെ സാംസ്‌കാരിക സംഗമം
അംഗരാജ്യങ്ങളുടെ സാംസ്കാരികവൈവിധ്യം സംഗമിക്കുന്ന ചുവർച്ചിത്രവും പ്രധാനവേദിയിലെ ആകർഷണമാണ്. നദികൾ കൂടിച്ചേരുന്നതിനെ സംഗമമായി കാണുന്ന ഇന്ത്യൻ സങ്കല്പത്തിൽനിന്നാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരർച്ചേർന്ന് ഈ ചിത്രം തയ്യാറാക്കിയത്. ഇന്ത്യയെ പ്രതിനിധാനംചെയ്യാൻ ജയ്പുരിലെ ഹവാ മഹലും ആനകളുമാണുള്ളത്.
Content Highlights: Malayalam IFS officer Siddharth Babu gained attention at a global leaders' summit for his role as an interpreter in a viral photo featuring Narendra Modi, Vladimir Putin, and Xi Jinping. The summit included cultural exchanges, with leaders planting trees and Modi highlighting Tamil culture, aiming to strengthen ties with Tamil Nadu amid political shifts.