'പരസ്യത്തിലെ വിളക്കുവില്‍പനക്കാരന്‍റെ പേര് മോദിയുടെ പിതാവിന്റേത്'; കാഡ്ബറിക്കെതിരെ ബഹിഷ്‌കരണാഹ്വാനം

പരസ്യത്തിലെ കഥാപാത്രം | Photo: Screen Grab( Youtube/Cadburry Celebrations)
പരസ്യത്തിലെ കഥാപാത്രം | Photo: Screen Grab( Youtube/Cadburry Celebrations)

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിന്റെ പേര് പരസ്യത്തില്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് കാഡ്ബറി ചോക്ലേറ്റിനെതിരെ ബഹിഷ്‌കരണ ആഹ്വാനം. പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്റെ പേര് 'ദാമോദര്‍' എന്ന് ഉപയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌കരണ ആഹ്വാനം. ബഹിഷ്‌കരണം ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.

പരസ്യത്തില്‍ ദീപാവലിക്ക് ഉപയോഗിക്കുന്ന വിളക്കുകള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരന്‍റെ പേര് ദാമോദര്‍ എന്നാണ്. ഡോക്ടര്‍ എന്ന കഥാപാത്രം കച്ചവടക്കാരന് ദീപാവലി ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കാഡ്ബറി ചോക്ലേറ്റുമായി എത്തുന്നതാണ് പരസ്യത്തിലുള്ളത്. ഈ പരസ്യത്തിനെതിരേ വി.എച്ച്.പി. നേതാവ് പ്രാചി സാധ്വി അടക്കം രംഗത്തെത്തിയിട്ടുണ്ട്.

'ടി.വി. ചാനലുകളിലെ കാഡ്ബറി പരസ്യം നിങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചോ? സ്വന്തമായി കടയില്ലാത്ത ദരിദ്രനായ വിളക്കു കച്ചവടക്കാരന് ദാമോദര്‍ എന്നാണ് പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിന്റെ പേരുള്ളയാളെ മോശമായി ചിത്രീകരിക്കാനാണ് ഇത്തരത്തില്‍ പേര് നല്‍കിയിരിക്കുന്നത്. ചായ വില്‍ക്കുന്നയാളുടെ പിതാവ് വിളക്കുവില്‍പ്പനക്കാരന്‍'- പ്രാചി സാധ്വി ട്വീറ്റ് ചെയ്തു.

ആദ്യമായല്ല കാഡ്ബറി ചോക്ലേറ്റുകള്‍ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉയരുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ ബീഫ് ഉപയോഗിക്കുന്നുണ്ട് എന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ബഹിഷ്‌കരണ ആഹ്വാനം. ആസ്‌ട്രേലിയയില്‍ വില്‍പ്പന നടത്തുന്ന ഡയറി മില്‍ക്കിന്റെ വിവരങ്ങള്‍ അടങ്ങിയ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചായിരുന്നു അന്ന് പ്രചാരണം. എന്നാല്‍, ഇന്ത്യയില്‍ വില്‍ക്കുന്ന ഡയറി മില്‍ക്ക് നൂറു ശതമാനം വെജിറ്റേറിയന്‍ ആണെന്നും ബീഫ് ഉപയോഗിക്കുന്നില്ലെന്നും അന്ന് കമ്പനി വ്യക്തിമാക്കിയിരുന്നു.

Content Highlights: Boycott Cadbury Sadhvi Prachi advertisement Damodar PM Narendra Modi's father