'നികൃഷ്ടവും അധിക്ഷേപകരവും': ഗഡ്കരിക്കെതിരായ വ്യാജ പോസ്റ്റുകൾ നീക്കാൻ ഉത്തരവ്

ന്യൂഡൽഹി: ഇ-20 വിവാദത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും കുടുംബാംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ നീക്കംചെയ്യാൻ ഉത്തരവ്. ഡീപ് ഫേക്ക്, എഐ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ അടങ്ങുന്ന സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കംചെയ്യാനാണ് ഉത്തരവ്.
ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ആരിഫ് ഡോക്ടർ ആണ് ഉത്തരവിട്ടത്. ഈ പോസ്റ്റുകൾ ആരാണ് അപ്‌ലോഡ് ചെയ്തത് എന്ന വിവരം കൈമാറാൻ സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് ബോംബെ ഹൈക്കോടതി നിർദേശം നൽകി.
ഗഡ്കരിക്കും കുടുംബാംഗങ്ങൾക്കും എതിരായ പോസ്റ്റുകൾ നികൃഷ്ടവും അധിക്ഷേപകരവുമാണെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. മെറ്റാ പ്ലാറ്റ്ഫോമുകൾ, എക്സ്, ഗൂഗിൾ, യു ട്യൂബ് എന്നിവയ്ക്കെതിരെ ഗഡ്കരി നൽകിയ ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഉത്തരവ്.
നീക്കംചെയ്യണമെന്ന് ഗഡ്കരി ആവശ്യപ്പെടുന്ന ഇൻസ്റ്റഗ്രാം റീൽ ഉൾപ്പടെയുള്ളവയുടെ ഉള്ളടക്കം തീർത്തും നികൃഷ്ടവും അത്യന്തം അധിക്ഷേപകരവുമാണ്. കുട്ടികളടക്കമുള്ളവർക്ക് ലഭ്യമാകുന്ന പൊതുവേദികളിൽ ഇത്തരത്തിലുള്ള ഉള്ളടക്കത്തിന് യാതൊരു സ്ഥാനവുമില്ലെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാദ ഉള്ളടക്കങ്ങൾ നീക്കംചെയ്യാമെന്ന് മെറ്റയും ഗൂഗിളും കോടതിയെ അറിയിച്ചു.
Content Highlights: Bombay HC mandates removal of defamatory AI/deepfake content targeting Nitin Gadkari., Social media platforms including Meta, X, and Google ordered to provide uploader details., Court condemned the content as offensive and inappropriate for public platforms., Meta and Google have agreed to comply with the takedown directive.