ലേബർ കോഡ്: കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരത്തിന് ഭരണാനുകൂല സംഘടനയായ ബിഎംഎസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംഘപരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രത്യക്ഷ സമരത്തിലേക്ക്. ലേബർ കോഡിലെ തൊഴിലാളി വിരുദ്ധമെന്ന് സംഘടന വിലയിരുത്തുന്ന നയങ്ങളിൽ അടിയന്തരമായ തിരുത്തൽ വേണമെന്ന ആവശ്യമാണ് ബിഎംഎസ് പ്രധാനമായും ഉന്നയിക്കുന്നത്.
റാഞ്ചിയിൽ ചേർന്ന ബിഎംഎസ് സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള നിർണ്ണായക തീരുമാനമെടുത്തത്. ലേബർ കോഡിലെ മാറ്റങ്ങൾക്ക് പുറമെ, രാജ്യം എമ്പാടുമുള്ള തൊഴിലാളികളുടെ ദീർഘകാല ആവശ്യമായ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തിരികെ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെടുന്നു. കൂടാതെ, നിലവിലെ മിനിമം പെൻഷൻ ആയിരം രൂപയിൽ നിന്നും 7,500 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബിഎംഎസ് മുന്നോട്ട് വെച്ചിട്ടുണ്ട്.
ഓഗസ്റ്റ് 17-ാം തീയതി 'ഡിമാൻഡ് ഡേ' ആയി ആചരിച്ചുകൊണ്ട് രാജ്യവ്യാപകമായി ധർണ്ണയും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനാണ് ബിഎംഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും പ്രധാനമന്ത്രിക്കും തൊഴിൽ മന്ത്രിക്കും നിവേദനങ്ങൾ അയക്കുകയും ചെയ്യും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തിയ പല സമരങ്ങളോടും ബിഎംഎസ് സഹകരിച്ചിരുന്നില്ലെങ്കിലും, ഇപ്പോൾ സ്വന്തം നിലയ്ക്ക് പ്രത്യക്ഷ സമരവുമായി വരുന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ പ്രതിസന്ധിയാകാൻ സാധ്യതയുണ്ട്.
Content Highlights: BMS announces nationwide protests against Labor Codes on August 17. Demands include OPS restoration and minimum pension hike.