ഝാൽമുരിയും ഹിൽസ മീനും; രാമനില്ല പകരം മാ കാളി; മമതയെ വീഴ്ത്താൻ ബംഗാളിൽ സ്വയം പരുവപ്പെട്ട് BJP

#ന്യൂസ് ഡെസ്ക്
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി നോർത്ത് 24 പർഗാനാസിലെ ബാരക്പൂരിൽ തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമ്പോൾ ആവേശഭരിതരായ ജനക്കൂട്ടം. | ANI
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി നോർത്ത് 24 പർഗാനാസിലെ ബാരക്പൂരിൽ തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമ്പോൾ ആവേശഭരിതരായ ജനക്കൂട്ടം. | ANI

കൊൽക്കത്ത: ഇത്തവണ രണ്ടും കൽപ്പിച്ചാണ് ബിജെപി. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ ഭരണം അവസാനിപ്പിച്ച് ബംഗാളിൽ ഭരണം പിടിക്കാനുറച്ചാണ് ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾ. അടിത്തട്ടിലും മേൽത്തട്ടിലും പരമാവധി സ്വാധീനമുണ്ടാക്കുന്ന നീക്കങ്ങളും പ്രചരണങ്ങളുമാണ് ബിജെപി കാഴ്ചവച്ചത്. 2021-ലെ പരാജയത്തിൽനിന്ന് പഠിച്ച പാഠങ്ങളും ഭരണകൂട വിരുദ്ധവികാരം പരമാവധി തങ്ങളിലേക്ക് കേന്ദ്രീകരിക്കാനും സാധാരണക്കാരുടെയും സ്ത്രീകളുടെയും വോട്ട് മമതയിൽനിന്ന് അടർത്തിമാറ്റാനും ബിജെപി ചില്ലറ കളികളല്ല പുറത്തെടുത്തത്. എന്തുതന്നെയായാലും ഒന്നാം ഘട്ടത്തിലെ വോട്ടടെപ്പിലെ റെക്കോർഡ് പോളിങ് ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. പോളിങ് ഉയർന്നത് തൃണമൂൽ കോൺഗ്രസിനെതിരായ വിധിയെഴുത്താകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പശ്ചിമ ബംഗാളിൽ തങ്ങളുടെ രാഷ്ട്രീയശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനൊരുങ്ങിയത്. മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും നേരിടാൻ നാല് പ്രധാന തന്ത്രങ്ങളാണ് ('പരിവർത്തൻ') പാർട്ടി ഇത്തവണ സ്വീകരിച്ചത്. മമതയ്ക്ക് പകരം സർക്കാരിനെ മൊത്തത്തിലും മറ്റ് പ്രമുഖരെയും ലക്ഷ്യം വെച്ചാണ് ബിജെപി വിമർശന ശരങ്ങളെയ്തത്. 2021-ൽ മമത ബാനർജിക്കെതിരെ പ്രധാനമന്ത്രി നടത്തിയ 'ദീദി ഓ ദീദി' പരാമർശം അവർക്ക് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതിനാൽ ഇത്തവണ മമതയെ നേരിട്ട് ആക്രമിക്കുന്നതിന് പകരം തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെയും ഭരണസംവിധാനത്തെയുമാണ് ബിജെപി ലക്ഷ്യമിട്ടത്. തൃണമൂൽ ജയിച്ചാൽ അത് 'ഭായ്പോ രാജ്' (അനന്തരവൻ ഭരണം) ശക്തിപ്പെടുത്തുമെന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് റാലികളിൽ ആരോപിച്ചിരുന്നു.

ബിജെപിയെ പുറത്തുനിന്നുള്ള പാർട്ടിയെന്നാണ് മമത വിശേഷിപ്പിക്കുന്നത്. ബംഗാളി സ്വത്വത്തെയോ ബംഗാളികളെയോ അറിയാത്തവരെന്നാണ് തൃണമൂൽ ബിജെപിക്കെതിരെ ഉയർത്തുന്ന പ്രധാന വിമർശനം. പുറത്തുനിന്നുള്ള പാർട്ടി എന്ന വിളിപ്പേര് ഒഴിവാക്കാൻ ബിജെപി ഇത്തവണ കടുത്ത ഹിന്ദുത്വ മുദ്രാവാക്യങ്ങൾക്കപ്പുറം ബംഗാളിന്റെ പ്രാദേശിക സംസ്‌കാരത്തിന് പ്രാധാന്യം നൽകിയാണ് ഗോദയിലിറങ്ങിയത്. ജയ് ശ്രീറാം വിളികളേക്കാൾ ഉപരിയായി മാ ദുർഗയ്ക്കും മാ കാളിക്കും പ്രാധാന്യം നൽകുന്ന രീതിയിലേക്ക് പാർട്ടി മാറി. റാലി വേദികൾ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിന്റെ മാതൃകയിൽ ഒരുക്കിയതും ബിജെപി നേതാക്കൾ ബംഗാളിന്റെ തനത് ഭക്ഷണമായ ഹിൽസ മത്സ്യവും ഝാൽമുരിയും കഴിക്കുന്നതും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.

ബംഗാളി ഭാഷാ സ്വത്വത്തിന് വലിയ പ്രാധാന്യമുള്ള സംസ്ഥാനത്ത്, തങ്ങൾക്ക് ബംഗാളി വേരുകളുണ്ടെന്ന് ബോധ്യപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നു. ബംഗാളി ഭാഷാ പരിജ്ഞാനമുള്ള സ്മൃതി ഇറാനിയെപ്പോലുള്ള നേതാക്കളെ മുൻനിർത്തിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. താൻ ബംഗാളി സംസാരിക്കുന്ന ആളാണെന്നും തന്റെ മുത്തച്ഛന്റെ വീട് ഇവിടെയാണെന്നും റാലികളിൽ പറയുന്നതിലൂടെ തങ്ങൾ പുറത്തുനിന്നുള്ളവരല്ല എന്ന് ബോധ്യപ്പെടുത്താനാണ് സ്മൃതി ഇറാനി ശ്രമിക്കുന്നത്. ഇതിന് പുറമെ മമതയുടെ അടിസ്ഥാന വോട്ടുബാങ്കായ സ്ത്രീകളെ ലക്ഷ്യം വെച്ചും പ്രചരണ തന്ത്രങ്ങളുണ്ട്. സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ പുതിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെച്ചത്.

മുൻപ് ക്ഷേമ പദ്ധതികളെ പരിഹസിച്ചിരുന്ന പാർട്ടി, ഇപ്പോൾ തൃണമൂലിന്റെ 'ലക്ഷ്മി ഭണ്ഡാർ' പദ്ധതിയിലൂടെ ലഭിക്കുന്ന തുകയുടെ ഇരട്ടിയോ അതിലധികമോ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഒപ്പം, ആർജി കർ ആശുപത്രിയിലെ പീഡനക്കേസ് ഉയർത്തിക്കാട്ടി സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ബിജെപി ശ്രമിച്ചു. ഈ മാറ്റങ്ങൾ മമത ബാനർജിയുടെ രാഷ്ട്രീയ കോട്ടയിൽ വിള്ളൽ വീഴ്ത്തുമോ എന്നത് മെയ് 4-ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകും.

Content Highlights: BJP is shifting focus from direct attacks on Mamata to targeting the administrative system and Abhishek Banerjee., The party is emphasizing Bengali cultural identity over purely Hindutva slogans to shed the 'outsider' image., Strategic focus on women voters with enhanced welfare promises and highlighting the RG Kar hospital case., High voter turnout in the first phase is fueling BJP's optimism for a regime change.