‘ബിജെപി പ്രവർത്തകർ വീട് ആക്രമിച്ചു, പോലീസും ജുഡീഷ്യറിയും കാഴ്ചക്കാർ’; ആരോപണവുമായി അഭിഷേക് ബാനർജി

#ന്യൂസ് ഡെസ്ക്
അഭിഷേക് ബാനർജി | Photo: ANI
അഭിഷേക് ബാനർജി | Photo: ANI

കൊൽക്കത്ത: തന്റെ വീടിന് നേർക്ക് ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയെന്ന ആരോപണവുമായി പശ്ചിമബംഗാളിലെ ടിഎംസി നേതാവും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജി. കൊൽക്കത്തയിലെ കാളീഘട്ടിലെ വീടിന് നേർക്കാണ് ആക്രമണമുണ്ടായത്. അഭിഷേകിന്റെ പിറന്നാൾദിനമായ ഇന്നലെ ആഘോഷത്തിനിടെ ടിഎംസി-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പുലർച്ചെ രണ്ടുമണിയോടെ അഭിഷേകിന്റെ വീടിന് മുന്നിൽ ബിജെപി-ടിഎംസി സംഘർഷം രൂപപ്പെടുകയായിരുന്നു. ബിജെപിയുടെ ഗുണ്ടകൾ തന്റെ അനുയായികളെ തള്ളിവീഴ്ത്തിയെന്നും അവരെ ഇഷ്ടികക്കഷണങ്ങൾ ഉപയോഗിച്ച് മർദിച്ചുവെന്നും അഭിഷേക് ആരോപിച്ചു. സാമൂഹികമാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ, അഭിഷേകിന്റെ ബാനറുകൾ ചിലർ കീറുന്നത് കാണാം.

‘രണ്ടുദിവസത്തെ തുടർച്ചയായ നിരീക്ഷണത്തിനുശേഷം, ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ബിജെപിയുടെ അക്രമികൾ എന്റെ വീടിന് നേർക്ക് ഇങ്ങനെയാണ് അക്രമം നടത്തിയത്. നിങ്ങൾതന്നെ ദൃശ്യങ്ങൾ കാണൂ. എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് ഇങ്ങനെ സംഭവിക്കാമെങ്കിൽ പശ്ചിമബംഗാളിലെ സാധാരണക്കാരുടെ ഗതിയൊന്ന് ആലോചിച്ചുനോക്കൂ. ആറുമാസത്തിനിടെ എന്റെ ജീവൻ ലക്ഷ്യമാക്കി നടക്കുന്ന ഏഴാമത്തെ ആക്രമണം ആണിത്. എന്നിട്ടും പോലീസ് നടപടിയോ ജുഡീഷ്യൽ ഇടപെടലോ ഉണ്ടായിട്ടില്ല. നീതിന്യായവ്യവസ്ഥ കണ്ണടച്ചിരിക്കുന്നത് തുടരുന്നതിനാൽ സംസ്ഥാനമെമ്പാടും സാമൂഹികവിരുദ്ധർ അഴിഞ്ഞാടുകയാണ്. ന്യായാധിപരേ, മൂകസാക്ഷികളായി തുടരുന്നതിന് നിങ്ങൾക്ക് നന്ദി’, എന്നായിരുന്നു അഭിഷേക് ബാനർജിയുടെ കുറിപ്പ്.

ഇതിനൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ അക്രമാസക്തരായ ആളുകളെയും അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പോലീസുകാരെയും കാണാം. വീടിന് പുറത്തിറങ്ങിയ അഭിഷേക്, പോലീസുമായും ബിജെപി അനുകൂലികളുമായും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ചതായും അദ്ദേഹം ആരോപിച്ചു.

അതേസമയം, അഭിഷേകിന്റെ ആരോപണം ബിജെപി തള്ളി. ഒരു നേതാവിന്റെ ജന്മദിനം നടപ്പാതയിൽ ആഘോഷിക്കുന്നത് ആദ്യമായാണ് കാണുന്നത്. രാത്രിയിൽ ആരെങ്കിലും ശല്യമുണ്ടാക്കിയാൽ പ്രതിഷേധം സ്വാഭാവികമാണ്. അഭിഷേക് ബാനർജിയെ കൊല്ലാൻ ആർക്കാണ് സമയമുള്ളത്? ഇനി ഒന്നും പറയാനില്ലാത്തതിനാൽ വൈകാരികമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു മന്ത്രി ദിലീപ് ഘോഷിന്റെ പ്രതികരണം.

Content Highlights: TMC MP Abhishek Banerjee alleges BJP workers attacked his Kolkata residence., Claims this is the seventh attack on his life in six months amid police and judiciary inaction., BJP denies the allegations, calling them emotional statements to mislead the public.