രാഹുലിന് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല, സിസിടിവിയടക്കം വന്നതോടെ അധികാരംപിടിക്കൽ ബുദ്ധിമുട്ടായി- ബിജെപി

#ന്യൂസ് ഡെസ്ക്
രാഹുല്‍ ഗാന്ധി, ബിജെപി റാലി |ഫോട്ടോ:PTI
രാഹുല്‍ ഗാന്ധി, ബിജെപി റാലി |ഫോട്ടോ:PTI

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തി വാർത്താസമ്മേളനം നടത്തിയ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല, പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണ പോലും അദ്ദേഹത്തിനില്ലെന്നും ബിജെപി വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു. തിരഞ്ഞെടുപ്പുകൾ സുതാര്യമായതോട് കൂടിയും സി.സി.ടി.വി ക്യാമറകളും സ്വതന്ത്ര മാധ്യമങ്ങളും വന്നതോടുകൂടിയും  അധികാരത്തിൽ വരുന്നത് അവർക്ക് (കോൺഗ്രസിന്) ബുദ്ധിമുട്ടായി മാറിയിരിക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.

'രാഷ്ട്രീയപരമായി ചിന്തിക്കുമ്പോൾ, രാഹുൽ ഗാന്ധിക്ക് വിവേകവും അറിവും ഇല്ല. യാഥാർത്ഥ്യം മനസ്സിലാക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുന്നുവെന്നുമാണ് എനിക്ക് തോന്നുന്നത്. വാസ്തവത്തിൽ, കോൺഗ്രസിനെതിരെയാണ് ഭരണവിരുദ്ധ വികാരം വളരെ സ്ഥിരമായും ശക്തമായും നിലനിന്നിട്ടുള്ളത്. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ധാരണയില്ല. 1967-നുശേഷം തമിഴ്നാട്ടിൽ കോൺഗ്രസ് ഒരിക്കലും അധികാരത്തിൽ തിരിച്ചെത്തിയിട്ടില്ല. അന്ന് ഭാരതീയ ജനതാ പാർട്ടി നിലവിൽ വന്നിട്ട്പോലുമില്ല. 1977-നുശേഷം ബംഗാളിലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയിട്ടില്ല. 1977 മുതൽ 2011വരെ 34 വർഷം അവിടെ കമ്മ്യൂണിസ്റ്റുകളാണ് ഭരിച്ചത്, എന്നിട്ടും രാഹുൽ ഗാന്ധിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല... എന്നിട്ടും അദ്ദേഹം ഭരണവിരുദ്ധ വികാരത്തെക്കുറിച്ച് സംസാരിക്കുന്നു. കോൺഗ്രസ് ദീർഘകാലം അധികാരത്തിലിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു - വോട്ടർ ഐഡി കാർഡുകൾ ഇല്ലാതിരുന്ന, ബൂത്ത് പിടിച്ചെടുക്കലും ബാലറ്റ് പെട്ടി കൊള്ളയടിക്കലും വെടിവെപ്പും അരങ്ങേറിയിരുന്ന കാലം. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യാതെ ഒരു തിരഞ്ഞെടുപ്പ് പോലും കടന്നുപോയിരുന്നില്ല. അക്കാലത്ത്, കോൺഗ്രസിനെതിരെ ഭരണവിരുദ്ധ വികാരം ഫലിച്ചിരുന്നില്ല' ബിജെപി വക്താവ് പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാകാത്തത് സംശയാസ്പദമാണെന്ന് നേരത്തെ രാഹുൽ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.

തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയുണ്ടെന്ന വാർത്ത എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബിജെപി വക്താവ് ചോദിച്ചു. 'ആ വാർത്തയിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുള്ള ഏതെങ്കിലും ഉദ്ധരണി ഉൾപ്പെടുത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ, തിരഞ്ഞെടുപ്പ് കമ്മിഷണർ ഇപ്രകാരം പറഞ്ഞു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഏത് വാർത്തയുടെ കാര്യത്തിലായാലും, മാധ്യമസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ, ബന്ധപ്പെട്ട വ്യക്തിയോട് കൃത്യമായി കാര്യങ്ങൾ ചോദിക്കുകയും അവരുടെ പ്രസ്താവന രേഖപ്പെടുത്തുകയും ചെയ്യാറുണ്ടല്ലോ. ആ പ്രസ്താവന അവിടെ ഉദ്ധരിച്ചിട്ടുണ്ടോ? ഇല്ല. തീരുമാനം ഏകകണ്ഠമായിരുന്നില്ല എന്ന് പറയുന്ന ഒരൊറ്റ റിപ്പോർട്ടെങ്കിലും നിങ്ങളുടെ പക്കലുണ്ടോ? ഇല്ല' എന്നും സുധാൻഷു ത്രിവേദി പറഞ്ഞു.

സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ 25 വർഷമായി സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെ മാത്രമാണ് കോൺഗ്രസ് പാർട്ടി റായ്ബറേലിയിലും അമേഠിയിലും വിജയിക്കുന്നത്. സോണിയാ ഗാന്ധിക്കോ രാഹുൽ ഗാന്ധിക്കോ സമാജ്വാദി പാർട്ടിയുടെ പിന്തുണയില്ലാതെ സ്വന്തം കഴിവ് കൊണ്ട് അവരുടെ കുടുംബത്തിന്റെ കോട്ടകളിൽപോലും വിജയിക്കാനുള്ള ശേഷിയില്ല. അതുപോലെ, രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിൽ വിജയിച്ചു, പക്ഷേ അവർ വിജയിച്ചത് മുസ്ലീം ലീഗിന്റെ പിന്തുണയോടെയാണ്, അതായത് 60 മുതൽ 65 ശതമാനംവരെ മുസ്ലിം ജനസംഖ്യയുള്ള ഒരു മണ്ഡലത്തിൽ. മുസ്ലിം ലീഗിന്റെ പിന്തുണയില്ലാതെ ഒരു സീറ്റ് ഉറപ്പിക്കാനുള്ള കഴിവോ രാഷ്ട്രീയ നിലയോ അവർക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

Content Highlights: BJP criticized Rahul Gandhi for lacking basic understanding of Indian politics., Sudhanshu Trivedi defended the Election Commission against allegations of bias., BJP highlighted that Congress relies heavily on alliance partners like SP and Muslim League to win seats.