'അരാജകത്വത്തിലൂടെ അധികാരം പിടിക്കാൻ ശ്രമം'; 'ഭരണമാറ്റം' പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമർശനവുമായി നിതിൻ നബീൻ

ന്യൂഡൽഹി: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭം യഥാർഥത്തിൽ 'ഭരണമാറ്റത്തിനായുള്ള' പോരാട്ടമാണെന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷത്തിനെതിരെ കടുത്ത ആക്രമണവുമായി ബി.ജെ.പി. വിദേശ ശക്തികളുടെ സഹായത്തോടെ ഇന്ത്യയിൽ അസ്ഥിരതയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും 'ഭരണമാറ്റം' എന്ന ആവശ്യത്തിലൂടെ തങ്ങളുടെ യഥാർഥ അജണ്ട അവർ തന്നെ തുറന്നുകാട്ടിയെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ ജനവിധിയില്ലാതെ പുറത്താക്കാനാണ് പ്രക്ഷോഭകർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിനേക്കാൾ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുകയാണ് ഈ സമരത്തിന്റെ പ്രധാന ലക്ഷ്യം. 'ഭരണമാറ്റം' എന്ന പദപ്രയോഗത്തിലൂടെ പ്രതിപക്ഷത്തിന്റെ യഥാർഥ ലക്ഷ്യം രാജ്യത്തിന് മുന്നിൽ വ്യക്തമായതായി നിതിൻ നബീൻ പറഞ്ഞു.
വിദേശ സഹായത്തോടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഈ ശ്രമങ്ങൾ 'അർബൻ നക്സലുകളുടെ' അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രതിപക്ഷത്തിന്റെ പോരാട്ടം തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾക്കോ എസ്.ഐ.ആറിനോ രാജ്യത്തെ യുവാക്കളുടെ ഭാവിക്കോ വേണ്ടിയുള്ളതല്ലെന്നും അരാജകത്വം പരത്തി ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ജനാധിപത്യത്തിൽ അധികാരത്തിലേക്കുള്ള വഴി അരാജകത്വത്തിലൂടെയല്ല, മറിച്ച് ജനവിധിയിലൂടെയാണ് കടന്നുപോകുന്നത്’ എന്ന് നബീൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള ഒരു നീക്കവും വിജയിക്കാൻ ബി.ജെ.പിയും രാജ്യത്തെ രാജ്യസ്നേഹികളായ പൊതുജനങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ന്യൂഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെ, വിദ്യാർഥി സംഘടനാ നേതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രശാന്ത് ഭൂഷണിന്റെ ‘ഭരണമാറ്റ’ നടത്തിയത്. ഭരണമാറ്റത്തിനായുള്ള ആഹ്വാനങ്ങൾ ജനാധിപത്യപരമായ അവകാശങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും ഭരണകൂടത്തിനെതിരെ അസംതൃപ്തി സൃഷ്ടിക്കുന്നത് ഭരണഘടനാനുസൃതമായി കുറ്റകൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.