BJP നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്; 29-ന് പ്രഭാരിമാരുടെ യോഗം, പ്രതിപക്ഷ ആരോപണങ്ങളെ നേരിടുന്നതും ചർച്ചയാകും

#ന്യൂസ് ഡെസ്ക്
Photo: Mathrubhumi
Photo: Mathrubhumi

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരുക്കങ്ങളുമായി ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പുതുതായി നിയമിക്കപ്പെട്ട പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗംവിളിച്ചു. സെപ്റ്റംബർ 29-ാം തീയതി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് യോഗം. സംസ്ഥാനങ്ങളുടെ ചുമതലക്കാരെ പുനർവിന്യസിച്ചുകൊണ്ടുള്ള തീരുമാനം വന്ന് ദിവസങ്ങൾക്കകമാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്.

അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സംഘടനാതലത്തിൽ അഴിച്ചുപണികളും ശക്തിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.

പ്രതിപക്ഷ ആരോപണങ്ങളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് വിവരം. തങ്ങളുടെ സംസ്ഥാനത്തെ തൽസ്ഥിതിയും നേരിടുന്ന രാഷ്ട്രീയവെല്ലുവിളികളും പ്രഭാരികളും സഹപ്രഭാരികളും വിശദീകരിക്കും.

സെപ്റ്റംബർ 24-ാം തീയതിയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള പ്രഭാരികളെയും സഹപ്രഭാരികളെയും ബിജെപി പ്രഖ്യാപിച്ചത്. ദേശീയ ജനറൽ സെക്രട്ടറിയായ വിനോദ് താവ്‌ഡെയ്ക്കാണ് ഉത്തർപ്രദേശിന്റെ ചുമതല.

സതീഷ് പൂനിയയ്ക്ക് പഞ്ചാബിന്റെയും രാം മാധവിന് ഉത്തരാഖണ്ഡിന്റെയും ചുമതലയാണ് നൽകിയിട്ടുള്ളത്. ഹരിയാണയുടെയും ഹിമാചൽ പ്രദേശിന്റെയും ചുമതല സ്മൃതി ഇറാനിക്കാണ്.

Content Highlights: BJP national president Nitin Nabin called a meeting of newly appointed prabharis and co-prabharis., The meeting is scheduled for September 29 at the party headquarters in Delhi., Focus includes election preparations for Uttar Pradesh, Punjab, and Uttarakhand., Strategies to counter opposition allegations and review state-level political challenges will be discussed.