'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം ഇല്ലാതാക്കുക';പ്രതിപക്ഷത്തെ നേരിടാൻ പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാൻ ബി.ജെ.പി. ഇതിന്റെ ഭാഗമായി 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം ഇല്ലാതാക്കുക' എന്ന മുദ്രാവാക്യമുയർത്തി എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിന് ബി.ജെ.പി. തുടക്കമിട്ടു. നവംബർ അഞ്ചുവരെയാണ് ആദ്യഘട്ട പ്രചാരണം.
കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നടത്തുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് എന്ന പ്രചാരണത്തിനാണ് പാർട്ടി ശ്രമിക്കുന്നത്. ബംഗ്ലാദേശിലും ഫ്രാൻസിലും മറ്റുംനടന്ന രീതിയിലുള്ള പ്രക്ഷോഭം വഴി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം എന്ന മറുപ്രചാരണമാണ് ബി.ജെ.പി.യുടേത്.
അനധികൃത നുഴഞ്ഞുകയറ്റക്കാർക്കെതിരായ നീക്കത്തിന്റെ ഭാഗമായി എസ്.ഐ.ആറിനെ ചിത്രീകരിക്കാനാവും ബി.ജെ.പി.യുടെ ശ്രമം. രാജ്യത്ത് ജനാധിപത്യവും ആൾക്കൂട്ട അക്രമവും തമ്മിലുള്ള പോരാട്ടമായി നിലവിലെ രാഷ്ട്രീയസ്ഥിതിയെ ചിത്രീകരിച്ച് പ്രതിപക്ഷ കടന്നാക്രമണത്തെ ചെറുക്കാനാണ് നീക്കം. നവംബർ 11 മുതൽ 30 വരെയായിരിക്കും രണ്ടാംഘട്ട പ്രചാരണം.
ഞായറാഴ്ച വൈകീട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ബി.ജെ.പി. നേതാക്കളുടെ യോഗത്തിൽ പ്രചാരണത്തിന് അന്തിമരൂപംനൽകി. എല്ലാ സംസ്ഥാനങ്ങളിൽനിന്നും ഈ പ്രചാരണത്തിന് ചുക്കാൻപിടിക്കേണ്ട നേതാക്കളെ യോഗത്തിന് ക്ഷണിച്ചിരുന്നു. കേരളത്തിൽനിന്ന് വി. മുരളീധരൻ എം.എൽ.എ., സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
എല്ലാ സംസ്ഥാനങ്ങളിലും പ്രധാനകേന്ദ്രങ്ങളിൽ റാലി, പദയാത്രകൾ, പൊതുയോഗങ്ങൾ, എസ്.ഐ.ആറുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമാക്കുന്ന ലഘുലേഖകളുടെ വിതരണം എന്നിവ നടക്കും. എന്തുകൊണ്ട് എസ്.ഐ.ആർ. ആവശ്യമെന്ന് പ്രതിപാദിക്കുന്ന 24 പേജുള്ള ലഘുലേഖകളാണ് വിതരണം ചെയ്യുക. പാർട്ടി എം.പി.മാർ, എം.എൽ.എ.മാർ എന്നിവരടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാവും വിതരണം.
പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർ വിവിധ സംസ്ഥാനങ്ങളിൽ റാലികളിൽ പങ്കെടുക്കും.
മോദിക്കെതിരായ ഖാർഗെയുടെ പരാമർശം
പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഞായറാഴ്ച നടത്തിയ വിവാദ പരാമർശത്തിൽ രാജ്യമെങ്ങും ബി.ജെ.പി. പ്രതിഷേധം.
ബിഹാറിലെ ഒരു പരിപാടിയിൽ സംസാരിക്കവേ, ‘മോദിയല്ല മോദിയുടെ അച്ഛനും പോകും’ എന്ന പ്രസ്താവനയാണ് പ്രതിഷേധത്തിനിടയാക്കിത്. സദസ്സിൽനിന്ന് ഒരാൾ ‘മോദി എവിടെയും പോകില്ലെ’ന്ന് വിളിച്ചുപറഞ്ഞപ്പോഴാണ് ഖാർഗെ ഇങ്ങനെ പ്രതികരിച്ചത്.
തിങ്കളാഴ്ച ബി.ജെ.പി. സംസ്ഥാന ആസ്ഥാനങ്ങളിൽ പ്രതിേഷധവും പ്രകടനവും നടന്നു. പ്രസ്താവനയുണ്ടായ പട്നയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ ഒരു ബി.ജെ.പി. പ്രവർത്തകൻ പരാതിയും നൽകി. ബിഹാറിൽ ഖാർഗെയുടെ രാജിയാവശ്യപ്പെട്ട് വലിയ പ്രതിഷേധവുമുണ്ടായി. അദ്ദേഹത്തിന്റെ കോലവും കത്തിച്ചു. ബെംഗളൂരുവിലെ ഫ്രീഡം സ്ക്വയറിൽ പ്രതിഷേധിച്ചവർ ഖാർഗെ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.
ഖാർഗെയുടെ പ്രസ്താവന ഞെട്ടിക്കുകയും വേദനിപ്പിക്കുകയുംചെയ്തെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രസ്താവനയിൽ മാപ്പുപറയുന്നതിനു പകരം, അതിനെ ന്യായീകരിക്കുന്നത് വിചിത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജമ്മുവിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടന്നു.
വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാക്കൾ
ഖാർഗെയുടെ പ്രസ്താവന ഇത്രയും വിവാദമാക്കേണ്ട കാര്യമില്ലെന്ന് ശശി തരൂർ എം.പി. പ്രതികരിച്ചു. അത് പൊതുവായ പ്രസ്താവന മാത്രമായിരുന്നെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശിച്ച് ബോധപൂർവം പറഞ്ഞതല്ലെന്നും തരൂർ വിശദീകരിച്ചു.
നേരത്തേ സോണിയാഗാന്ധിക്കും ഖാർഗെയ്ക്കുെമതിരായി ബി.ജെ.പി. നേതാക്കൾ സഭ്യേതരമായി സംസാരിച്ചപ്പോൾ ഇതുപോലെ അസഹിഷ്ണുത കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. വിഷയദാരിദ്ര്യത്തിനിടെ അനാവശ്യവിവാദങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടുകയാണ് ബി.ജെ.പി.യെന്ന് കർണാടകമന്ത്രിയും ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ കുറ്റപ്പെടുത്തി.
Content Highlights: BJP initiated a nationwide campaign countering opposition demands for the Chief Election Commissioner's resignation., The campaign runs in two phases from November through November 30, focusing on rallies and distributing pamphlets about SIR., Widespread BJP protests erupted across India following Mallikarjun Kharge's controversial remarks against Prime Minister Narendra Modi.