ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി; സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും തിരിച്ചെത്തിയേക്കും

#ന്യൂസ് ഡെസ്ക്
അനുരാഗ് ഠാക്കൂർ, സ്മൃതി ഇറാനി | Photo: PTI, ANI
അനുരാഗ് ഠാക്കൂർ, സ്മൃതി ഇറാനി | Photo: PTI, ANI

ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിലേക്ക് അനുരാഗ് ഠാക്കൂറും സ്മൃതി ഇറാനിയും തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തന്റെ പുതിയ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള നിർണ്ണായകമായ മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പുനഃസംഘടനയിൽ അനുഭവസമ്പത്തും പുതുതലമുറയുടെ ഊർജ്ജവും ഒരേപോലെ സംയോജിപ്പിക്കാനാണ് ബിജെപി നീക്കം.

45 വയസ്സുകാരനായ നിതിൻ നബിൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന ഖ്യാതിയോടെയാണ് ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സംഘടനാ അഴിച്ചുപണിയാണിത്. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതോടൊപ്പം പ്രാദേശികമായ സന്തുലിതാവസ്ഥ ഉറപ്പാക്കാനും നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. അനുഭവപരിചയമുള്ള മുതിർന്ന നേതാക്കളെയും പുതിയ മുഖങ്ങളെയും ഒരേപോലെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടനയെ ശക്തിപ്പെടുത്താനാണ് ഈ നീക്കത്തിലൂടെ നിതിൻ നബിൻ ലക്ഷ്യമിടുന്നത്.

ദേശീയ തലത്തിൽ അറിയപ്പെടുന്ന മുഖങ്ങളായ ഠാക്കൂറിന്റെയും ഇറാനിയുടെയും തിരിച്ചുവരവ് പാർട്ടിക്ക് കൂടുതൽ കരുത്തേകുമെന്നും വിലയിരുത്തലുണ്ട്. ഹിമാചൽ പ്രദേശിൽ നിന്നുള്ള ലോക്‌സഭാ എംപിയായ അനുരാഗ് ഠാക്കൂർ നേരത്തെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായും കായിക മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ വനിതാ നേതാവായ സ്മൃതി ഇറാനി അമേഠിയിൽ നിന്നുള്ള മുൻ ലോക്‌സഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമാണ്. ബിജെപി മഹിളാ മോർച്ചയുടെ അധ്യക്ഷയായും ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അവർക്ക് പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളിൽ വലിയ പരിചയസമ്പത്തുണ്ട്. ഇവരുടെ രാഷ്ട്രീയ പാടവം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുണകരമാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

2027-ൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്. പാർട്ടിക്കുള്ളിലെ തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് ഈ സംഘടനാ പുനഃസംഘടന. യുവത്വം, സ്ത്രീ പ്രാതിനിധ്യം, പ്രാദേശിക സംതുലനം എന്നിവയിൽ ഊന്നിയുള്ള പുതിയ ഘടന ബിജെപിയുടെ ദേശീയ തന്ത്രങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലിയിരുത്തൽ.

Content Highlights: BJP President Nitin Nabin is set to unveil his new national team, with former ministers Anurag Thakur and Smriti Irani likely to return.