നാരങ്ങമുറിച്ച് മഴ നിർത്തിച്ചതായി BJP എംപി;വിലക്കയറ്റം നേരിടാൻ ഒരുനാരങ്ങ കൂടി മുറിക്കണമെന്ന് കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
ഭോജ്രാജ് നാഗ്
ഭോജ്രാജ് നാഗ്

റായ്പുർ: 'കാലാവസ്ഥ വളരെ മോശമായിരുന്നു, നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി സന്ദർശനം നടത്തുന്നുണ്ടെന്ന വിവരം എനിക്ക് കിട്ടി. ഞാൻ മഹാദേവനെ വിളിച്ച് പ്രാർഥിച്ച് ഒരു നാരങ്ങ മുറിച്ചു, അതോടെ മഴ നിന്നു' ഛത്തീസ്ഗഢിലെ കാങ്കറിൽനിന്നുള്ള ബിജെപി എംപി ഭോജ്‌രാജ് നാഗിന്റെതാണ് അവകാശവാദം. പൊതുവേദികളിൽ മന്ത്രവാദ രീതികളെ കുറിച്ച് ഇടയ്ക്കിടെ അദ്ദേഹം പ്രസ്താവന നടത്താറുണ്ട്. ബലോദ് ജില്ലയിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുത്ത പരിപാടിയിലാണ് പുതിയ അവകാശവാദമുന്നയിച്ചത്. ഇത് സംസ്ഥാനത്ത് വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു.

ചടങ്ങ് തടസ്സമില്ലാതെ നടക്കാൻ വേണ്ടിയാണ് നാരങ്ങ മുറിക്കൽ വിദ്യ താൻ പ്രയോഗിച്ചതെന്നും, ചടങ്ങ് വിജയകരമായി കഴിഞ്ഞ സ്ഥിതിക്ക് ഇനി മഴ പെയ്യണമെങ്കിൽ പെയ്യട്ടെയെന്നും എംപി സദസ്സിനോട് പറയുകയുണ്ടായി.

മുഖ്യമന്ത്രി അടക്കമുള്ളവർ വേദിയിലിരിക്കെ നടത്തിയ ഈ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയും പരിഹാസങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.

ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ് എംപിയുടെ പ്രസ്താവനയെ കടുത്ത ഭാഷയിൽ പരിഹസിച്ചു. എംപി അന്ധവിശ്വാസവും തെറ്റായ വിവരങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി 'നാരങ്ങ മുറിച്ചാൽ മഴ നിർത്താൻ സാധിക്കുമെങ്കിൽ, പഞ്ചസാര വിലയും വിലക്കയറ്റവും കുറയ്ക്കാൻ വേണ്ടി അദ്ദേഹം ഒരു നാരങ്ങ മുറിക്കട്ടെ' എന്ന് ബൈജ് പരിഹസിച്ചു

വൈദ്യുതി ബില്ലുകൾ, ഇന്ധനവില, മറ്റ് നിത്യോപയോഗ ചെലവുകൾ എന്നിവ കുറയ്ക്കാൻ ഇതേ നാരങ്ങ മുറിക്കൽ വിദ്യ ഉപയോഗിക്കാമോ എന്ന് ചോദിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും ഈ പ്രസ്താവനയെ ട്രോളുകളിലൂടെ പരിഹസിക്കുന്നുണ്ട്.

Content Highlights: BJP MP Bhojraj Nag claimed that cutting a lemon stopped heavy rain during a public event., The event was attended by Chhattisgarh Chief Minister Vishnu Deo Sai., Congress leader Deepak Baij and social media users mocked the MP for spreading superstition.