'എവിടെയെല്ലാം സ്വർണം ഒളിപ്പിക്കാമോ അവിടെയെല്ലാം ഒളിപ്പിച്ചു'; രന്യക്കെതിരേ ബിജെപി എംഎല്‍എ

Photo Courtesy: x.com/AskAnshul
Photo Courtesy: x.com/AskAnshul

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരേ അശ്ലീല പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി. മുതിര്‍ന്ന എം.എല്‍.എ. ബസനഗൗഡ പാട്ടീല്‍ യത്നല്‍. രന്യ റാവു ശരീരമാസകലം സ്വർണം സൂക്ഷിച്ചിരുന്നുവെന്നും എവിടെയെല്ലാം ഒളിപ്പിക്കാമോ അവിടെയെല്ലാം ഒളിപ്പിച്ച് കടത്തിയെന്നും എം.എല്‍.എ. പറഞ്ഞു. 

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബസനഗൗഡ പാട്ടീല്‍ ആവശ്യപ്പെട്ടു. കേസില്‍ ഏതൊക്കെ മന്ത്രിമാരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് തനിക്ക് അറിയാമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ മന്ത്രിമാരുടെയും പേരുകള്‍ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'രന്യ റാവുവിന്റെ ബന്ധങ്ങൾ, സുരക്ഷ ക്ലിയറന്‍സ് പൂര്‍ത്തീകരിക്കാന്‍ ആരാണ് സഹായിച്ചത്, സ്വർണം എങ്ങനെ കൊണ്ടുവന്നു എന്നിങ്ങനെയുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഞാന്‍ ശേഖരിച്ചിട്ടുണ്ട്. അവര്‍ സ്വർണം ഒളിപ്പിച്ചതും കൊണ്ടുവന്നതുമായ വിവരങ്ങള്‍ എല്ലാം ഞാന്‍ നിയമസഭയില്‍ വെളിപ്പെടുത്തും,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ രന്യ റാവു ജാമ്യത്തിനായി ബെംഗളൂരുവിലെ സെഷന്‍സ് കോടതിയെ സമീപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 24-വരെ രന്യയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
 

Content Highlights: BJP MLA's Vulgar Remark Against Ranya Rao