ഇൻസ്റ്റഗ്രാമിൽ സജീവമായി ബിജെപി നേതാക്കൾ; നാലുദിവസംകൊണ്ട് മോദിക്ക് 40 ലക്ഷം ഫോളോവർമാർ

#ന്യൂസ് ഡെസ്ക്
PHOTO: REUTERS
PHOTO: REUTERS

ന്യൂഡൽഹി: ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർഥിപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ യുവാക്കളിലേക്കെത്തുന്നത് ലക്ഷ്യമിട്ട് ബി.ജെ.പി.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ യുവാക്കളുമായി കൂടുതൽ അടുക്കാൻ മന്ത്രിസഭയിലെ സഹപ്രവർത്തകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിമാരും പാർട്ടി നേതാക്കളും ഉൾപ്പെടെയുള്ളവർ ഇൻസ്റ്റഗ്രാമിൽ സജീവമായി. സാമൂഹികമാധ്യമങ്ങളുടെ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിന്റെ സ്വധീനം യുവജനങ്ങളിൽ വ്യക്തമാക്കുന്നതായിരുന്നു വിദ്യാർഥിപ്രക്ഷോഭമെന്നാണ് പാർട്ടി വിലയിരുത്തൽ.

ബി.ജെ.പി.യുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 9.5 ദശലക്ഷം ഫോളോവർമാരാണുള്ളത്. ചോദ്യക്കടലാസ് ചോർച്ചകളുമായി ബന്ധപ്പെട്ട് ഒട്ടേറെ റീലുകൾ അടുത്തദിവസങ്ങളിൽ ബി.ജെ.പി. തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതലും. പാർലമെന്റിൽ കഴിഞ്ഞദിവസം പൊതുപരീക്ഷാ ഭേദഗതി ബിൽ അവതരിപ്പിക്കുന്ന ദൃശ്യങ്ങളും പോസ്റ്റ് ചെയ്തു. പ്രതിപക്ഷം ബില്ലിലെ ചർച്ച തടസ്സപ്പെടുത്തുന്നു എന്ന ആരോപണത്തോടെയായിരുന്നു ഇത്. നീറ്റ് ചോദ്യക്കടലാസ് ചോർച്ചയിൽ സർക്കാർ സ്വീകരിച്ച നടപടികൾ പുതിയ വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷിയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

നാലുദിവസംകൊണ്ട് മോദിക്ക് 40 ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവർമാർ

പരീക്ഷാ പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചെറുപ്പക്കാരുടെ നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോളോവർമാരുടെ എണ്ണത്തിൽ വൻവർധന.

പ്രക്ഷോഭത്തിനിടെ അർധരാത്രി വീഡിയോ അപ്‌ലോഡ് ചെയ്തതുമുതൽ ഇതുവരെ 40 ലക്ഷം ഫോളോവർമാരെക്കൂടി നരേന്ദ്രമോദിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ മോദിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം 10.5 കോടിയായി. നരേന്ദ്രമോദിയാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികംപേർ പിന്തുടരുന്ന ലോകനേതാവ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത് 4.5 കോടി പേരാണ്.

Content Highlights: BJP shifts focus to Instagram to address youth concerns regarding paper leaks., PM Narendra Modi gained 4 million new Instagram followers in four days., Modi remains the most followed world leader on Instagram with 105 million followers., Central ministers are actively using Reels to communicate government actions on exam reforms., Social media strategy highlights the party's response to the Public Examination Bill.