ജെൻസീകളിലേക്ക് എത്താൻ ബിജെപിക്ക് പ്രത്യേകസംഘം; സ്മൃതി ഇറാനിയും നിതിൻ നബീനും ഉൾപ്പെടെയുള്ളവർ അംഗങ്ങൾ

#ന്യൂസ് ഡെസ്‌ക്
സ്മൃതി ഇറാനി, നിതിൻ നബീൻ | Photo: PTI
സ്മൃതി ഇറാനി, നിതിൻ നബീൻ | Photo: PTI

ന്യൂഡൽഹി: യുവാക്കളിലേക്കും ജെൻസീകളിലേക്കും കടന്നുചെല്ലുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ടീം രൂപവത്കരിച്ച് ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഭാരവാഹികളുമായി പാർട്ടി അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ടീം രൂപവത്കരണ തീരുമാനം കൈക്കൊണ്ടത്.

നിതിൻ നബീൻ, ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് താവ്‌ഡെ, ഗുജറാത്ത് മന്ത്രി ഹർഷ് സംഘ്‌വി, ഛത്തീസ്ഗഢ് മന്ത്രി ഒ.പി. ചൗധരി തുടങ്ങിയ നേതാക്കളാണ് ടീമിലുണ്ടാവുക. യുവാക്കളിലേക്ക് പ്രത്യേകിച്ച് ജെൻസീകളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്ന പ്രത്യേക ഔട്ട് റീച്ച് പരിപാടികൾ ഈ ടീം ആവിഷ്‌കരിക്കുമെന്നാണ് വിവരം.

ടീം, ജെൻസീകളുമായി നേരിട്ട് ആശയവിനിമയം നടത്തി അവരുടെ ആശങ്കകൾ, പ്രതീക്ഷകൾ തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യും. ബിജെപിയുടെ നയങ്ങളോടും ആശയത്തോടും യുവാക്കളെ അടുപ്പിക്കാൻ സഹായിക്കുക എന്നതും ടീമിന്റെ ലക്ഷ്യമാണ്. ടീം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ബിജെപി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: BJP formed a special GenZ outreach team to connect with young voters., The team includes high-profile leaders like Smriti Irani and Nitin Nabin., The initiative aims to understand youth aspirations and align them with BJP policies.