മണ്ഡല പുനർനിർണയം:തൃണമൂലിലെ പിളർപ്പിന് പിന്നലെ DMKയെ ലക്ഷ്യമിട്ട് ബിജെപി, പുതിയ മുന്നണിക്ക് സ്റ്റാലിൻ

ന്യൂഡൽഹി: മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് പാർലമെന്റിൽ പരാജയപ്പെട്ട മണ്ഡല പുനനിർണയവും വനിതാ സംവരണ ബില്ലും വീണ്ടും കൊണ്ടുവരാനൊരുങ്ങി ബിജെപി. സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകൾക്ക് ആനുപാതികമായി മണ്ഡലങ്ങൾ വർധിപ്പിക്കുന്നതടക്കമുള്ള മാറ്റങ്ങളോടെയാണ് ബില്ല് വീണ്ടും പാർലമെന്റിലെത്തിക്കാനൊരുങ്ങുന്നത്. തൃണമൂൽ കോൺഗ്രസ് പിളർന്നതോടെ വിമതരിൽ ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി ഇപ്പോൾ കോൺഗ്രസുമായി അകന്ന ഡിഎംകെയേയും ലക്ഷ്യംവെച്ചിരിക്കുകയാണ്. ഡിഎംകെയുമായി ചർച്ചകൾ നടത്തി വരികയാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. തൃണമൂലും ഡിഎംകെയും ഏപ്രലിൽ ബിൽ പാർലമെന്റിലെത്തിയപ്പോൾ എതിർത്ത് വോട്ട് ചെയ്തിരുന്നു.
തൃണമൂൽ കോൺഗ്രസിന്റെ 28 എംപിമാരിൽ വിമതർക്കൊപ്പം നിൽക്കുന്ന 20 ഓളം എംപിമാരുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 20 എംപിമാർ എൻഡിഎയെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിമതർ കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചിരുന്നു.
എതിർപ്പുകൾ മറി കടക്കാൻ പുതിയ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങൾ എങ്ങനെ പുനർനിർണയിക്കുമെന്നമെന്ന് തീരുമാനിക്കാൻ ഒരു ഡിലിമിറ്റേഷൻ കമ്മിഷനെ വെച്ചേക്കും. ഇതിനായി ഒരു പ്രത്യേക ഡിലിമിറ്റേഷൻ ബിൽ പാസാക്കിയേക്കുമെന്നാണ് വിവരം. ഒരു സുപ്രീം കോടതി ജഡ്ജിയായിരിക്കും കമ്മിഷന്റെ അധ്യക്ഷനെന്നും സൂചനയുണ്ട്.
നിയമസഭാ മണ്ഡലങ്ങളുടെ വിഭജനത്തിന്, നിലവിലെ 2001 ലെ സെൻസസ് അടിസ്ഥാനമാക്കുന്നതിന് പകരം 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയേക്കാം എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം കോൺഗ്രസുമായി അകന്നെങ്കിലും ബിജെപിയുടെ പുതിയ നീക്കങ്ങളോട് ഡിഎംകെ സഹകരിക്കുമോ എന്നത് വ്യക്തമല്ല. കോൺഗ്രസ്-ബിജെപി ഇതര മുന്നണി രൂപീകരിക്കുന്നതിനുള്ള നീക്കത്തിലാണ് സ്റ്റാലിൻ ഇപ്പോഴെന്നാണ് പാർട്ടി പറയുന്നത്.
സമാന ചിന്താഗതിക്കാരായ പ്രാദേശിക പാർട്ടികളുമായി ചേർന്ന് ദേശീയ തലത്തിൽ ബിജെപി വിരുദ്ധ, കോൺഗ്രസ് വിരുദ്ധ മൂന്നാം മുന്നണി രൂപീകരിക്കാൻ ഡിഎംകെ പദ്ധതിയിടുന്നു. നിലവിൽ അടിയന്തര നീക്കങ്ങളിലേക്ക് കടന്നിട്ടില്ലെങ്കിലും ചില പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഡിഎംകെ വൃത്തങ്ങൾ പറഞ്ഞു. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായും ആർജെഡിയുടെ തേജസ്വി യാദവുമായിട്ടാണ് സ്റ്റാലിൻ ചർച്ച നടത്തിയതെന്നാണ് വിവരം. മമതയുമായും ചർച്ച നടത്തുന്നുണ്ട്. കോൺഗ്രസുമായി അതാത് സംസ്ഥാനങ്ങളിൽ ബന്ധം തകർന്ന പാർട്ടികളെ യോജിപ്പിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്.
പാർട്ടി ഇനി ഇന്ത്യ ബ്ലോക്കിന്റെ ഭാഗമല്ലെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 'കോൺഗ്രസ് ഉള്ള സഖ്യത്തിൽ ഞങ്ങൾ ഭാഗമാകില്ലെന്ന് വ്യക്തമാണ്. ആം ആദ്മി പാർട്ടി ഇതിനകം ഇന്ത്യാ സഖ്യം വിട്ടുപോയി, ഞങ്ങൾ ഇപ്പോൾ ആ സഖ്യത്തിലില്ല. ബിജെപി വിരുദ്ധ സഖ്യം ഉടൻ രൂപീകരിക്കും' ഇളങ്കോവൻ അറിയിച്ചു.
Content Highlights: BJP intends to reintroduce the Delimitation and Women's Reservation Bill in 2026., Proposed changes include using 2011 census data for constituency reorganization., BJP aims to secure support from TMC rebel MPs and target DMK after their split from the INDIA bloc