വോട്ട് ചോരി റാലിയുടെ പേരിൽ മോദിയെ ഇല്ലാതാക്കലാണ് ലക്ഷ്യം; കോണ്‍ഗ്രസ് റാലിക്കെതിരേ വിമർശനവുമായി ബിജെപി

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ 'വോട്ട് ചോരി', എസ്‌ഐആര്‍ റാലിയുടെ യഥാര്‍ഥ അജന്‍ഡയെന്ന് ബിജെപി. 'മോദിയുടെ കബര്‍ ഇന്നല്ലെങ്കില്‍ നാളെ കുഴിക്കും' എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിക്കുന്നതായുള്ള വീഡിയോ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല എക്‌സില്‍ പങ്കുവെച്ചു. കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ നൂറിലേറെത്തവണ അധിക്ഷേപിച്ചതായും പൂനാവാല അവകാശപ്പെടുന്നു.

അടുത്തിടെ മോദിയെ ചായക്കച്ചവടക്കാരനായി ചിത്രീകരിച്ച് എഐ വീഡിയോ നിര്‍മിച്ച രാഗിണി നായക് എന്ന വ്യക്തിയേയും പൂനാവാല വിമര്‍ശിച്ചു. എസ്‌ഐആറിന്റെ പേരില്‍ പ്രധാനമന്ത്രിയെ ഇല്ലാതാക്കാനാണ് ശ്രമം. അടുത്തിടെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനേയും ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് ഇതുവരെ മോദിയെ 150-ലധികം തവണ അധിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് മോഷണം, എസ്‌ഐആര്‍ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് വന്‍ റാലി നടത്തി. ബിജെപി സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടത്തിലെ നിര്‍ണായകമായ നിമിഷമാണിതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

Content Highlights: BJP Alleges Congress 'Vote Chori' Rally Concealed Death Threats Against PM Modi