ബിസ്ലേരിക്ക് വീണ്ടും കുരുക്ക്; ബംഗാളിൽ നിന്നുള്ള കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം

ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിക്ക് വീണ്ടും കുരുക്ക്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലുള്ള ബിസ്ലേരിയുടെ പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആദ്യ ലാബും വീണ്ടും പരിശോധിച്ച ലാബും കണ്ടെത്തൽ ശരിവെച്ചു. പിന്നാലെ കമ്പനിക്കെതിരെ നിയമനടപടിക്ക് അനുമതി നൽകി. ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) ആണ് നടപടിക്ക് അനുമതി നൽകിയത്. നേരത്തേ ഗോവയിലെ പ്ലാന്റിൽനിന്ന് ശേഖരിച്ച ബിസ്ലേരിയുടെ സാമ്പിളുകളിലും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.
പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ ഒരു പ്രത്യേക ബാച്ചിലെ വെള്ളത്തിന്റെ വിൽപ്പന ഭക്ഷ്യസുരക്ഷാ അതോറിറ്റി തടഞ്ഞു. അഴുക്കുചാലിലെ വെള്ളം കലരുന്നതാണ് ബാക്ടീരിയ വെള്ളത്തിൽ എത്താനുള്ള സാധ്യത. ചോർച്ചയുള്ള പൈപ്പുകളും തകരാറിലായ ജലവിതരണ സംവിധാനങ്ങളും ഇതിന് കാരണമാകാം.
ഗോവയിലെ പ്ലാന്റിൽനിന്നുള്ള ബിസ്ലേരിയുടെ കുടിവെള്ള സാമ്പിളിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്ക് മുകളിലാണെന്നാണ് കണ്ടെത്തിയത്. ഈ പരിശോധനാ ഫലത്തിനെതിരെ ബിസ്ലേരി അപ്പീൽ നൽകിയിരുന്നു. തുടർന്ന് സാമ്പിൾ വീണ്ടും പരിശോധിക്കാൻ പ്രത്യേക ഭക്ഷ്യപരിശോധനാ ലാബിലേക്ക് അയച്ചു. രണ്ടാമത്തെ ലാബും വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്ന രാസവസ്തുക്കളുടെ സാന്നിധ്യമാണ് രണ്ടാം പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കമ്പനിക്കെതിരെ നിയമനടപടിയുമായി അതോറിറ്റി മുന്നോട്ടുപോയത്.
അതേസമയം, തങ്ങളുടെ കുപ്പിവെള്ളം കുടിക്കാൻ സുരക്ഷിതമാണെന്ന് ബിസ്ലേരി ഇന്റർനാഷണൽ തിങ്കളാഴ്ച അറിയിച്ചു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതോറിറ്റി ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു.
രാജ്യത്തുടനീളമുള്ള കുപ്പിവെള്ള, മിനറൽ വാട്ടർ കമ്പനികളിലെ പരിശോധന ഭക്ഷ്യസുരക്ഷാ അതോറിറ്റി ശക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്ന് എഫ്.എസ്.എസ്.എ.ഐ. സി.ഇ.ഒ. രജിത് പുന്ഹാനി അടുത്തിടെ പറഞ്ഞിരുന്നു. ഈ സാമ്പിളുകളുടെ ലാബ് പരിശോധന ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: FSSAI approved legal action against Bisleri after two labs confirmed coliform bacteria in bottled water samples from its Jalpaiguri plant in West Bengal, following earlier chemical contamination issues at its Goa facility.