ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസ്: രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ജാമ്യം അനുവദിച്ചു

#ന്യൂസ് ഡെസ്ക്
സുപ്രീംകോടതി, ബില്‍ക്കീസ് ബാനു | PTI, AP
സുപ്രീംകോടതി, ബില്‍ക്കീസ് ബാനു | PTI, AP

ന്യൂഡൽഹി: 2002-ലെ ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ, കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന പ്രതികളിൽ ഒരാളുടെ ശാരീരിക വൈകല്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

2017-ൽ ബോംബെ ഹൈക്കോടതി പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചിരുന്നു. ഈ വിധിക്കെതിരേ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി. കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിച്ചിരുന്നു. എന്നാൽ, ഈ നടപടി 2024-ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

പ്രതികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര, ഇരുവരും 17 വർഷത്തിലേറെയായി തടവിൽ കഴിയുകയാണെന്ന് കോടതിയെ അറിയിച്ചു. ജയിലിൽ കഴിയുന്ന പ്രതികളിൽ ഒരാളുടെ പേര് എഫ്ഐആറിൽ ഉണ്ടായിരുന്നില്ലെന്നും മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ പ്രതി ചേർത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയുടെ ശാരീരിക വൈകല്യവും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

അതേസമയം, ജാമ്യാപേക്ഷയെ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ രാജാ താക്കറെ എതിർത്തു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണക്കോടതിയും ഹൈക്കോടതിയും ലഭ്യമായ തെളിവുകളും രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

നിയമപരമായും വസ്തുതാപരമായും പരിശോധിച്ചാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നിബന്ധനകളും ബന്ധപ്പെട്ട വിചാരണക്കോടതി തീരുമാനിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേസിലെ അപ്പീലുകൾ തുടർവാദത്തിനായി പിന്നീട് പരിഗണിക്കും.

Content Highlights: Supreme Court suspended life sentence and granted bail to two convicts in the 2002 Bilkis Bano case., Bail granted considering over 17 years in prison and one convict's severe physical disability., Central government strongly opposed the bail plea citing the gravity of the crime., Trial court to decide the terms and conditions of the bail.