ബിഹാർ കരട് പട്ടിക: വോട്ടർമാരുടെ പരാതികൾ 8341, രാഷ്ട്രീയപാർട്ടികൾക്ക് പരാതിയില്ലെന്ന് തിര. കമ്മിഷൻ

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളില്‍നിന്ന് |ഫോട്ടോ:ANI
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളില്‍നിന്ന് |ഫോട്ടോ:ANI

ന്യൂഡൽഹി: ബിഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ (എസ്‌ഐആർ) പ്രതിഷേധം വ്യാപകമാകുന്നതിനിടെ കമ്മിഷനെതിരേ പരാതിയുമായി പ്രതിപക്ഷ ബൂത്തുതല ഏജന്റുമാർ. കരട് വോട്ടർപട്ടിക സംബന്ധിച്ച രാഷ്ട്രീയപ്പാർട്ടികൾ പരാതി നൽകിയില്ലെന്ന കമ്മിഷന്റെ വാദത്തിനെതിരേയാണ് ബൂത്തുതല ഏജൻറുമാർ രംഗത്തെത്തിയത്. അർഹരായ വോട്ടർമാരെ പട്ടികയിൽനിന്നൊഴിവാക്കിയെന്ന് പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽനിന്ന്‌ അനുകൂല നടപടിയുണ്ടാവില്ലെന്നാണ് പരാതി. പരാതിയുമായെത്തുന്നവരോട് കന്നിവോട്ടർമാർക്കുള്ള ഫോം ആറ്‌ പ്രകാരം അപേക്ഷ നൽകാനാണ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാർ പറയുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമില്ല.

അതേസമയം, കരട് വോട്ടർപട്ടിക സംബന്ധിച്ച് രാഷ്ട്രീയപ്പാർട്ടികൾ പരാതി നൽകിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയിൽ വോട്ടർമാരെ ഉൾപ്പെടുത്തിയതും ഉൾപ്പെടുത്താത്തതും സംബന്ധിച്ച് 8,341 പരാതികൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതെല്ലാംതന്നെ വോട്ടർമാർ നൽകിയ പരാതികളാണെന്നും രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

‘‘വിവിധ രാഷ്ട്രീയപ്പാർട്ടികൾക്കായി 1,60,813 ബൂത്ത് തല ഏജന്റുമാരാണ് ബിഹാറിലുള്ളത്. ഇവരിൽനിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ല. അതേസമയം, അടുത്തിടെ 18 വയസ്സ് തികഞ്ഞ പുതിയ വോട്ടർമാരെ ചേർക്കുന്നതിന് 46,588 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്” -കമ്മിഷൻ വ്യക്തമാക്കി.

വോട്ടർപട്ടികയിൽനിന്ന് പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും ഫോം ഏഴാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, കന്നിവോട്ടർമാർക്കുള്ള ഫോം ഏഴ് പ്രകാരം നൽകണമെന്ന വ്യവസ്ഥക്കെതിരേയാണ് ബൂത്തുതല ഏജന്റുമാർ രംഗത്തെത്തിയത്. കൂടാതെ പരാതിയുമായെത്തുന്ന ബൂത്തുതല ഏജന്റുമാരോട് കടലാസിൽ പരാതി എഴുതി വാങ്ങുകയും ഇത് കിട്ടിബോധിച്ചുവെന്ന് കാണിച്ച് ഒപ്പിട്ട് നൽകുകയുമാണ് ചെയ്യുന്നതെന്ന് ബൂത്തുതല ഏജന്റുമാർ പരാതിപ്പെടുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതിയായി രജിസ്റ്റർ ചെയ്യുന്നില്ലെന്നതാണ് പ്രത്യേകത. നിർദിഷ്ട മാതൃകയിൽ പരാതി നൽകിയിട്ടില്ലെങ്കിൽ ഇത്തരം പരാതികൾ കമ്മിഷൻ സ്വീകരിക്കില്ലെന്നാണ് ചട്ടം.

Content Highlights: Bihar Voter List Revision Sparks Controversy: Booth Agents Allege Irregularities