എട്ട് മാസമായി ശമ്പളമില്ല; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥയുടെ പ്രതിഷേധം

#ന്യൂസ് ഡെസ്ക്
ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി അൽപിത സിങ് | PHOTO: X
ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി അൽപിത സിങ് | PHOTO: X

ബക്‌സർ: ബിഹാറിലെ ബക്‌സർ ജില്ലയിൽ എട്ട് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥയുടെ പ്രതിഷേധം. ബ്രഹ്മപുർ ബ്ലോക്ക് ഓഫീസിലെ ഗ്രാമീണ വികസന ഓഫീസറായ അൽപിത സിങ് ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഭിക്ഷാപാത്രവുമായി ഓഫീസിന് മുന്നിൽ ഇരിക്കുന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

തന്റെ 11 മാസത്തെ സേവനകാലയളവിൽ മൂന്ന് മാസത്തെ ശമ്പളം മാത്രമാണ് കൃത്യമായി ലഭിച്ചതെന്ന് അൽപിത സിങ് പറഞ്ഞു. ഔദ്യോഗിക ചുമതലകൾ കൃത്യമായി നിർവഹിച്ചിട്ടും കഴിഞ്ഞ എട്ട് മാസമായി ശമ്പളം ലഭിക്കാത്തത് കടുത്ത സാമ്പത്തിക ഞെരുക്കത്തിന് കാരണമായതായി അവർ വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് തുടർച്ചയായി രണ്ട് ദിവസമാണ് ഇവർ ബ്രഹ്മപുർ ബ്ലോക്ക് ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി ഇരുന്നത്.

ബ്രഹ്മപുർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും ഗ്രാമീണ വികസന ഓഫീസറും തമ്മിലുള്ള തർക്കമാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് ഇവരുടെ ആരോപണം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബക്‌സർ ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെടുകയും ഉദ്യോഗസ്ഥയുടെ ശമ്പളം തടഞ്ഞുവെച്ചതിൽ വിശദീകരണം നൽകാൻ ബിഡിഒയോട് ആവശ്യപ്പെടുകയും ചെയ്തു.

ചട്ടങ്ങൾ പാലിക്കാതെയും മേലധികാരിയുടെ അനുമതിയില്ലാതെയും ഒരു ജീവനക്കാരന്റെയും ശമ്പളം തടഞ്ഞുവെക്കാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും സർക്കാർ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

Content Highlights: Rural development officer Alpita Singh protested outside Brahmapur block office in Buxar, Bihar., The officer has not received her salary for 8 consecutive months out of 11 months of service., District administration intervened and demanded an explanation from the block development officer.