ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; മൂന്ന് ലക്ഷം വോട്ടർമാർ എങ്ങനെ വന്നു എന്നതിൽ വിശദീകരണം

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നു. അതിന് ശേഷം 3 ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അതിനാലാണ് 7.45 കോടി വോട്ടർമാർ എന്ന് കമ്മിഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
എസ്‌ഐആറിന് ശേഷം 7.42 കോടി ആളുകളായിരുന്നു ബിഹാറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത് 7,45,26,858 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ്. മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകുമോയെന്നും സിപിഎം, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപണമുന്നയിച്ചിരുന്നു.
അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് 7.45 കോടി വോട്ടർമാരായതെന്നും അതല്ലാതെ ഇവർ വോട്ട് ചെയ്തു എന്ന് വാർത്താകുറിപ്പിൽ പറഞ്ഞിട്ടില്ല എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം നൽകി. വോട്ടർമാരുടെ എണ്ണം വോട്ട് ചെയ്തു എന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താകുറിപ്പിൽ പറയുന്നത്. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയാണുണ്ടായത്. ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള എൻഡിഎ. 243 അംഗ നിയമസഭയിൽ 202 സീറ്റുനേടി വൻവിജയംനേടി. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 122 സീറ്റാണ്.
അഞ്ചാമത് എൻഡിഎ സർക്കാരാണ് ബിഹാറിൽ അധികാരത്തിലെത്തുന്നത്. ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും അടങ്ങുന്ന മഹാസഖ്യം തകർന്നടിഞ്ഞു. എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നുള്ള വിജയമാണ് എൻഡിഎ നേടിയത്.
Content Highlights: Bihar Election Voter Count Clarification: Election Commission Addresses Discrepancy