പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ 3 മണിക്കൂർ തടഞ്ഞുവെച്ചു, 50,000 രൂപ പിഴയടപ്പിച്ചു- ആരോപണവുമായി എഎപി

#ന്യൂസ് ഡെസ്ക്
ഭഗവന്ത് മന്‍ | Photo: PTI
ഭഗവന്ത് മന്‍ | Photo: PTI

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നുമണിക്കൂറോളം തടഞ്ഞുവെച്ചു. പിന്നീട് 50,000 രൂപയുടെ പിഴയൊടുക്കിയ ശേഷം പോകാൻ അനുവദിച്ചു. ഉന്നതങ്ങളിൽനിന്ന് വലിയ സമ്മർദമുണ്ടായെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി എ.എ.പി. ആരോപിച്ചു. പഞ്ചാബിന്റെ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പാരീസിലെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ച് ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം.

ഭഗവന്ത് മന്നിന്റെ യാത്രയ്ക്ക് കേന്ദ്രം രാഷ്ട്രീയാനുമതി നൽകിയിരുന്നില്ല. ഇതോടെ കോടതിയെ സമീപിച്ച് യാത്രാനുമതി നേടിയെടുത്തതിനു പിന്നാലെയാണ് ഈ സംഭവമുണ്ടായതെന്ന് എ.എ.പി. നേതാവ് സൗരവ് ഭരദ്വാജ് പറഞ്ഞു. ഇത്തരമൊരു നടപടിക്ക് ഉന്നതങ്ങളിൽനിന്ന് സമ്മർദമുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞതായും എ.എ.പി. ആരോപിച്ചു. അതേസമയം, പിഴയടപ്പിക്കാനുള്ള  കാരണം പാർട്ടി വ്യക്തമാക്കിയിട്ടില്ല.

ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് അധികൃതർ നൽകുന്ന വിവരമനുസരിച്ച്, ലഗേജിലുണ്ടായിരുന്ന ചില സാധനങ്ങൾ വെളിപ്പെടുത്താത്തതിനെ തുടർന്നാണ് 50,000 രൂപ കസ്റ്റംസ് ഡ്യൂട്ടി ചുമത്തിയത്. അദ്ദേഹത്തോടൊപ്പം ജീവനക്കാരും ഉണ്ടായിരുന്നെന്നും അവരുടെ ലഗേജുകളും പരിശോധിച്ചതായും ഇവർ പറയുന്നു. അനുവദനീയമായതിലും കൂടുതൽ പണമോ ലഗേജോ കൈവശംവെച്ചതിനെത്തുടർന്ന് ഇവരെ മണിക്കൂറുകളോളം ചോദ്യംചെയ്തതായാണ് വിവരമെന്ന് ബിക്രം സിങ് മജീതിയ എക്സിലൂടെ ആരോപിച്ചു. എന്നാൽ, ഇതിന് വ്യക്തമായ വിശദീകരണം നൽകാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്നിന്റെ പാരീസ് യാത്രയ്ക്ക് കേന്ദ്രസർക്കാർ രാഷ്ട്രീയാനുമതി നിഷേധിച്ച സംഭവവുമായാണ് എ.എ.പി. ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം പഞ്ചാബ്-ഹരിയാണ ഹൈക്കോടതി റദ്ദാക്കുകയും മുഖ്യമന്ത്രിക്ക് യാത്രാനുമതി നൽകുകയും ചെയ്തിരുന്നു. യാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് അർഹമായ പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഭഗവന്ത് മന്നിന്റെ വിദേശയാത്രകൾക്ക് പലതവണ കേന്ദ്രം അനുമതി നിഷേധിച്ചിട്ടുണ്ട്. 

ഒക്ടോബർ 17 മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യവ്യാപാര പ്രദർശനമായ സിയാൽ പാരീസ് 2026-ൽ പങ്കെടുക്കാനാണ് മൻ പാരീസിലെത്തിയത്. പഞ്ചാബിന്റെ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ സഹകരണ സ്ഥാപനമായ മാർക്ക്‌ഫെഡിന്റെ സ്റ്റാളും പ്രദർശനത്തിലുണ്ടായിരുന്നു.

Content Highlights: AAP alleged Punjab CM Bhagwant Mann was detained for three hours at Delhi's IGI Airport., The incident followed Mann's return from Paris 2026 after promoting Punjab's products.