നാലിലൊന്നും നഷ്ടത്തില്‍; ബെംഗളൂരുവില്‍ പിജികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ വിദ്യാര്‍ഥികളുടെയും ചെറുപ്പക്കാരുടെയും ആശ്രയമായ പേയിങ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങള്‍ കൂട്ടമായി അടച്ചുപൂട്ടുന്നു.
പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതും ഐടി മേഖലയിലടക്കം നേരിടുന്ന തൊഴില്‍പ്രതിസന്ധിയുമാണ് പ്രധാനമായും തിരിച്ചടിയായത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പിജികളില്‍ നാലിലൊന്നും നഷ്ടത്തിലാണെന്ന് ഉടമകള്‍ പറയുന്നു. നിയമാനുസൃതമല്ലെന്നപേരില്‍ ഇതിനിടെ 200-ഓളം പിജികള്‍ കോര്‍പ്പറേഷന്‍ പൂട്ടി മുദ്രവെച്ചിരുന്നു.
അമിതച്ചെലവില്ലാതെ താമസവും ഭക്ഷണവും ലഭിക്കുന്നുവെന്നതാണ് വിദ്യാര്‍ഥികളെയും, ജോലിയില്‍ തുടക്കക്കാരായ ചെറുപ്പക്കാരെയും പിജികളിലേക്ക് ആകര്‍ഷിച്ചിരുന്നത്. 2500-ഓളം പിജികളാണ് കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ഇരട്ടിയിലധികം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികള്‍ നടത്തുന്ന ഒട്ടേറെ പിജികളും നഗരത്തിലുണ്ട്. മലയാളി പിജികള്‍ക്ക് പേരുകേട്ട സ്ഥലമാണ് മടിവാള.
ഏറ്റവും കൂടുതല്‍ പിജികള്‍ പൂട്ടുന്നത് മാര്‍ത്തഹള്ളി, സര്‍ജാപുര്‍ തുടങ്ങിയിടങ്ങളിലാണ്. ഇവിടെയുള്ള പിജികളിലെ അന്തേവാസികളിലേറെയും ഐടി ജീവനക്കാരാണ്. നിര്‍മിതബുദ്ധിയുടെയും ഓട്ടോമേഷന്റെയും കടന്നുവരവോടെ ഐടി മേഖലയില്‍ തൊഴില്‍പ്രശ്‌നം നേരിടുന്നത്, ഈ മേഖലകളിലെ പിജികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. താമസക്കാരുടെ എണ്ണം കുറയുന്നത് പല പിജികളെയും നഷ്ടത്തിലാക്കിയിരിക്കുകയാണ്.
വൈദ്യുതി, കുടിവെള്ള നിരക്കുകള്‍ വര്‍ധിച്ചതും പിജികളുടെ പ്രവര്‍ത്തനച്ചെലവ് ഉയരുന്നതിന് കാരണമായി. ചെലവ് ഉയരുന്നതനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ശ്രമിച്ചാല്‍ നിലവിലുള്ള താമസക്കാരെക്കൂടി നഷ്ടമാകുന്ന സ്ഥിതിയാണ്. വര്‍ഷങ്ങളായി പലയിടങ്ങളില്‍ വിജയകരമായി പിജി നടത്തുന്നവര്‍ക്കുമാത്രമാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്. ബാക്കിയുള്ള പിജികള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. 40 അടി വീതിയില്‍ കുറവുള്ള റോഡുകളോടുകൂടിയ പാര്‍പ്പിടമേഖലകളില്‍ പിജി നടത്തുന്നത് നിരോധിച്ച നടപടിയും തിരിച്ചടിയായി.
Content Highlights: Many paying guest accommodations in Bangalore are closing