ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ ഭൂമി 83.81 കോടിയ്ക്ക് വാങ്ങി മീശോ CEO വിദിത് ആത്രേ; ഇടപാട് പാപ്പരത്ത നടപടിക്കിടെ

കൊച്ചി: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ഭൂമി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീശോയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ വിദിത് ആത്രേ വാങ്ങി. ബെംഗളൂരുവിലെ പ്രമുഖ ആഡംബര പാർപ്പിട പ്രദേശമായ എപ്സിലോൺ എൻക്ലേവിലുള്ള രണ്ട് പ്ലോട്ടുകളാണ് ആകെ 83.81 കോടി രൂപയ്ക്ക് വിദിത് ആത്രേ സ്വന്തമാക്കിയത്. പ്രോപ്ടെക് പ്ലാറ്റ്ഫോമായ സാപ്കീയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ബൈജൂസ് സഹസ്ഥാപകയും ബൈജു രവീന്ദ്രന്റെ ഭാര്യയുമായ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രന്റെ ഭാര്യ ദീപ്ത അഖില രാഘവൻ എന്നിവരിൽ നിന്നാണ് ഭൂമി വാങ്ങിയത്. ദിവ്യ ഗോകുൽനാഥിനുവേണ്ടി പിതാവും പവർ ഓഫ് അറ്റോർണി ഉടമയുമായ ഡോ. ഗോകുൽനാഥാണ് ഇടപാട് നടത്തിയത്. 18,305 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പ്ലോട്ട് ചതുരശ്ര അടിക്ക് ഏകദേശം 26,280 രൂപ നിരക്കിൽ മൊത്തം 48.11 കോടി രൂപയ്ക്കാണ് വിറ്റത്. തൊട്ടടുത്തുള്ള 15,180 ചതുരശ്ര അടി ഭൂമി ദീപ്ത അഖില രാഘവൻ ചതുരശ്ര അടിക്ക് ഏകദേശം 23,521 രൂപ നിരക്കിൽ മൊത്തം 35.70 കോടി രൂപയ്ക്ക് കൈമാറി. ജൂലായ് 24-ന് നടന്ന ഇടപാടുകളുടെ രജിസ്ട്രേഷൻ ജൂലായ് 27-ന് പൂർത്തിയായി.
കിഴക്കൻ ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിന് സമീപം യെമലൂരിലുള്ള എപ്സിലോൺ റെസിഡെൻഷ്യൽ വില്ലാസിലെ ‘പ്ലോട്ട് ബി 12’-ന്റെ ഭാഗമാണ് ആകെ 33,485 ചതുരശ്ര അടി വരുന്ന ഈ രണ്ട് വസ്തുവും. ശരാശരി ചതുരശ്ര അടിക്ക് ഏകദേശം 25,029 രൂപയാണ് വില വരുന്നത്.
ഭൂമിക്ക് മറ്റ് ബാധ്യതകളൊന്നുമില്ലെന്നും, തങ്ങളുടെ അറിവിൽ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് പ്രകാരമോ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരമോ ഉള്ള യാതൊരുവിധ നിയമനടപടികളിലും ഈ വസ്തു ഉൾപ്പെട്ടിട്ടില്ലെന്നും ഇരുവരും ഉറപ്പുനൽകിയിട്ടുണ്ട്. ഉടമസ്ഥാവകാശത്തിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ വിദിത് ആത്രേക്ക് നഷ്ടപരിഹാരം നൽകാമെന്നും ഇവർ സമ്മതിച്ചിട്ടുണ്ട്.
വ്യവസായ പ്രമുഖരും ടെക്നോളജി എക്സിക്യുട്ടീവുകളും സ്റ്റാർട്ടപ്പ് സ്ഥാപകരും താമസിക്കുന്ന ബെംഗളൂരുവിലെ പ്രമുഖ ഏരിയയാണ് എപ്സിലോൺ. വലിയ പ്ലോട്ടുകൾക്കും സ്വകാര്യ വില്ലകൾക്കും പേരുകേട്ട ഗേറ്റഡ് കമ്യൂണിറ്റിയാണിത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പാപ്പരത്ത നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഭൂമി വിൽപ്പന നടന്നിരിക്കുന്നത്.
Content Highlights: Vidit Aatre acquires Bengaluru land from Byju's family