ബംഗാൾ ഉൾക്കടലിൽ ഇന്ത്യയെ പ്രകോപിപ്പിച്ച് ബംഗ്ലാദേശ്; കരുതലോടെ ഇന്ത്യ

ന്യൂഡൽഹി: കരയിലും കടലിലും ഇന്ത്യയെ പ്രകോപിപ്പിച്ച് ബംഗ്ലാദേശ്. കരയിൽ ഇന്ത്യാവിരുദ്ധ പ്രതിഷേധങ്ങൾ വ്യാപകമാകുന്നതിനിടെ കടലിലും പ്രകോപനപരമായ നീക്കങ്ങളാണ് ബംഗ്ലാദേശ് നടത്തുന്നത്. രണ്ട് മാസമായി ഇരുരാജ്യങ്ങളും തമ്മിൽ ബംഗാൾ ഉൾക്കടലിൽ സംഘർഷങ്ങൾ വർധിച്ചുവരികയാണ്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ബംഗ്ലാദേശ് മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം വർധിച്ചുവരുന്ന അസാധാരണ രീതി ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാവികസേനയുടെ പട്രോളിംഗ് ബോട്ട് 16 മത്സ്യത്തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ഒരു ഇന്ത്യൻ ട്രോളറിൽ ഇടിക്കുകയും അത് മറിയുകയും ചെയ്തിരുന്നു. രണ്ടുദിവസം മുമ്പ്, ഇന്ത്യൻ ജലാതിർത്തിയിലേക്ക് പ്രവേശിച്ച രണ്ട് ബംഗ്ലാദേശ് മത്സ്യബന്ധന ബോട്ടുകളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടയുകയും അനധികൃതമായി ശേഖരിച്ചിരുന്ന മത്സ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു
അടുത്ത വർഷം ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ വികാരങ്ങൾ വർധിച്ച് വരുന്നതിനിടയിലാണ് കടലിലും ഇത്തരം സംഭവവികാസങ്ങൾ നടക്കുന്നത്. ഷെയ്ഖ് ഹസീന ഭരണകൂടം വീണതിന് ശേഷം, മുഹമ്മദ് യൂനുസിന്റെ കീഴിലെത്തിയ ബംഗ്ലാദേശ്, ഇന്ത്യയുടെ പിൻവാതിൽ എന്നറിയപ്പെടുന്ന ബംഗാൾ ഉൾക്കടലിൽ സ്വാധീനം വർധിപ്പിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടത്തിവന്നിരുന്നു.
ബംഗ്ലാദേശ് സമുദ്രത്തിന്റെ കാവൽക്കാരാണെന്ന് യൂനുസ് ഈയടുത്ത് അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെ, അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക് സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യ ആശങ്ക പങ്കുവെച്ചിരുന്നു.
ഇന്ത്യൻ ബോട്ടിൽ ഇടിച്ച ബംഗ്ലാദേശ് നാവികസേനയുടെ പട്രോളിംഗ് ബോട്ടിന്റെ ലൈറ്റുകൾ ഓഫായിരുന്നു എന്നും രാത്രിയിൽ ഇന്ത്യൻ ബോട്ടിന് അവരെ കാണാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കടലിൽ വീണവരിൽ 11 പേരെ രാവിലെ ആറുമണിയോടെ രക്ഷപ്പെടുത്തി. ആറുപേരെ കണ്ടെത്താനായിട്ടില്ല. ഒരു മത്സ്യത്തൊഴിലാളി 'കുന്തം പോലുള്ള ആയുധം' കൊണ്ട് കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബോട്ടിൽ ഉണ്ടായിരുന്നവരെ കൊല്ലാൻ ശ്രമം നടന്നതായി അതിജീവിച്ചവർ ആരോപിച്ചു.
സുന്ദർബൻ മറൈൻ ഫിഷർമെൻസ് വർക്കേഴ്‌സ് യൂണിയൻ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, മത്സ്യബന്ധന ട്രോളർ കടൽ അതിർത്തി ലംഘിച്ചോ അതോ ബംഗ്ലാദേശ് നാവിക കപ്പൽ ഇന്ത്യൻ ജലാതിർത്തിയിൽ പ്രവേശിച്ചോ എന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിട്ടില്ല. ഈ റിപ്പോർട്ടുകൾ തെറ്റാണെന്നും തങ്ങളുടെ പട്രോളിംഗ് കപ്പൽ സംഭവസ്ഥലത്ത് നിന്ന് 12 മൈൽ അകലെയായിരുന്നു എന്നും ബംഗ്ലാദേശ് അവകാശപ്പെട്ടു.
ബംഗാൾ ഉൾക്കടലിൽ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിലേക്ക് (EEZ) കടക്കുന്ന ബംഗ്ലാദേശിൽനിന്നുള്ള മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം വർധിക്കുന്നതിനിടയിലാണ് ഇത്തരം അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡിസംബർ 16-ന്, ഇന്ത്യൻ ജലാതിർത്തിയിലേക്ക് പ്രവേശിച്ച രണ്ട് ബംഗ്ലാദേശ് മത്സ്യബന്ധന ബോട്ടുകളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞിരുന്നു. അനധികൃതമായി അവർ വലവീശി പിടിച്ച, ഏകദേശം 500 കിലോയോളം മത്സ്യം കോസ്റ്റ് ഗാർഡ് പിടിച്ചെടുക്കുകയും 35 ജീവനക്കാരെ തടവിലാക്കുകയും ചെയ്തിരുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും മാസങ്ങൾക്കുള്ളിൽ, ഇത്തരത്തിൽ ഇന്ത്യ കുറഞ്ഞത് എട്ട് ബംഗ്ലാദേശ് ബോട്ടുകളും ഏകദേശം 170 ജീവനക്കാരെയും പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഇന്ത്യ വിരുദ്ധ സംഘടനകൾ ഈ അറസ്റ്റുകൾ ദരിദ്രരായ മത്സ്യത്തൊഴിലാളികളെ ഉപദ്രവിക്കുന്നതായി ചിത്രീകരിച്ച്, ഇന്ത്യക്കെതിരെ വികാരങ്ങൾ ഇളക്കിവിടാനും ഇന്ത്യയെ പ്രകോപിപ്പിക്കാനും ശ്രമിക്കുകയാണെന്ന് ഇന്റൽ ഉദ്യോഗസ്ഥർ പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.
നവംബറിൽ പാകിസ്താൻ നാവിക മേധാവി മൂന്ന് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനം നടത്തിയിരുന്നു. 1971-ന് ശേഷം പാകിസ്താൻ നാവികസേനയിൽ നിന്നുള്ള ആദ്യ ഉന്നതതല സന്ദർശനമായിരുന്നു ഇത്. ഇതിനുപിന്നാലെയാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ബംഗാൾ ഉൾക്കടലിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
അറിയപ്പെടുന്ന ഇന്ത്യ വിരോധിയും തീവ്രവാദിയുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നാണ് ബംഗ്ലാദേശിൽ വീണ്ടും ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച അക്രമികൾ ഹാദിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെ പ്രതിഷേധക്കാർ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളെ വളയുകയും ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിക്ക് പുറത്ത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.
Content Highlights: Tensions rise in the Bay of Bengal as Bangladesh`s actions, including naval incidents and increased fishing boat activity, provoke India amid growing anti-India sentiment.