ബംഗാൾ ഉൾക്കടലിൽ കപ്പലുകളുടെ മഹാപരേഡ്; 72 രാജ്യങ്ങൾ അണിനിരക്കുന്ന ഫ്ലീറ്റ് റിവ്യൂ

#മാതൃഭൂമി ന്യൂസ്
ഇന്ത്യൻ യുദ്ധക്കപ്പലുകളായ ഐ.എൻ.എസ്. വിക്രമാദിത്യയും ഐ.എൻ.എസ്.വിക്രാന്തും (ഫയൽ ചിത്രം) | Photo: ANI
ഇന്ത്യൻ യുദ്ധക്കപ്പലുകളായ ഐ.എൻ.എസ്. വിക്രമാദിത്യയും ഐ.എൻ.എസ്.വിക്രാന്തും (ഫയൽ ചിത്രം) | Photo: ANI

വിശാഖപട്ടണം: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അഭ്യാസ പ്രകടനങ്ങൾക്ക് ബംഗാൾ ഉൾക്കടൽ വേദിയാകുന്നു. 72 രാജ്യങ്ങളിലെ നാവികസേനകൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂ വിശാഖപട്ടണം തീരത്താണ് നടക്കുക.  അറുപതിലധികം യുദ്ധക്കപ്പലുകളാണ് ഈ ബൃഹത്തായ പരേഡിൽ അണിനിരക്കുന്നത്. ഇന്ത്യൻ സായുധ സേനയുടെ പരമാധികാരിയായ രാഷ്ട്രപതി ദ്രൗപദി മുർമു ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് നാവിക സേനയുടെ അഭിവാദ്യം സ്വീകരിക്കും.

രാവിലെ രാഷ്ട്രപതിയുടെ അഭിവാദ്യത്തോടെ ആരംഭിക്കുന്ന ഫ്ലീറ്റ് റിവ്യൂ ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് സുമേത എന്ന കപ്പലിൽ ആഴക്കടലിൽ എത്തിയാണ് രാഷ്ട്രപതി കപ്പലുകളെയും അന്തർവാഹിനികളെയും പരിശോധിക്കുന്നത്. ആന്ധ്രപ്രദേശ് ഗവർണറും മുഖ്യമന്ത്രിയും ഈ സുപ്രധാന ചടങ്ങിൽ രാഷ്ട്രപതിയെ അനുഗമിക്കും.

ലോകശക്തികളായ അമേരിക്ക, റഷ്യ എന്നിവരുടെ അത്യാധുനിക യുദ്ധക്കപ്പലുകൾ ഈ അഭ്യാസ പ്രകടനത്തിന്റെ ഭാഗമാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ഈ കൂട്ടായ്മയിൽ തങ്ങളുടെ സൈനിക വീര്യം പ്രദർശിപ്പിക്കും. വിവിധ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ഇതിനോടകം തന്നെ ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ടു കഴിഞ്ഞു.

കപ്പലുകളുടെ പരേഡിന് പുറമെ നാവികസേന വിമാനങ്ങളുടെ ആകർഷകമായ ഫ്ലൈപാസ്റ്റും അന്തർവാഹിനികളുടെ പ്രദർശനവും ചടങ്ങിന് മാറ്റുകൂട്ടും. വിവിധ രാജ്യങ്ങളിലെ നാവികസേനകളുടെ ഈ കൂട്ടായ്മ അവരുടെ സൈനിക വൈദഗ്ധ്യം ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന വേദിയായി മാറും. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകളും അന്തർവാഹിനികളും ഈ അന്താരാഷ്ട്ര പരേഡിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.